പുതുപള്ളിയിലും അങ്കം മുറുകും... ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള ആശാന്‍മാരെ മലര്‍ത്തിയടിക്കാന്‍ ഇക്കുറി പേരും പെരുമയുമുള്ള സ്ഥാനാര്‍ത്ഥികളുമായി സിപിഎം രംഗത്തെത്തുന്നു

ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള നേതാക്കള്‍ക്കെതിരെ സിപിഐ യെയും മറ്റ് ഘടകകക്ഷികളെയും മത്സരിപ്പിച്ച് സംതൃപ്തിയടഞ്ഞിരുന്ന സീറ്റുകളില്‍ രണ്ടും കല്‍പ്പിച്ച് പേരിന് ഇറങ്ങുകയാണ് സി പി എം. ഉമ്മന്‍ ചാണ്ടിയെ സി പി എം തന്നെയാണ് നേരിട്ടുള്ളതെങ്കിലും അവരാരും തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളായിരുന്നില്ല.
കേരള കോണ്‍ഗ്രസ് കൂടി കളത്തിലിറങ്ങിയതോടെ പുതുപ്പള്ളിയില്‍ ജയിക്കാമെന്ന ആവേശത്തില്‍ തന്നെയാണ് സി പി എം. യുവ സി പി എം നേതാക്കളെ പരീക്ഷിക്കണോ അതോ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ മാത്രം തീരുമാനമെടുത്താല്‍ മതി.
സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ സി.പി.എം.സി.പി.ഐ. നേതാക്കളുടെ കൂടിക്കാഴ്ച തിരുവനന്തപുരത്ത് തുടങ്ങി . മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനവും പങ്കെടുത്ത ചര്‍ച്ചയാണ് തുടങ്ങിയത്. എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും ഇടതു മുന്നണിയിലേക്ക് വന്ന സ്ഥിതിക്ക് ഈ പാര്‍ട്ടികള്‍ക്കു നല്‍കേണ്ട സീറ്റുകളാണ് ചര്‍ച്ചയില്‍ മുഖ്യം. അതിന് പകരമായി വീതിക്കേണ്ട സീറ്റുകള്‍ ഏതൊക്കെയാണെന്നുമുള്ള കാര്യങ്ങള്‍ പ്രാഥമിക ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു എന്നാണ് വിവരം. തന്റെ സ്വന്തക്കാരെ ഒഴികെ ബാക്കിയുള്ളവരെയെല്ലാം വെട്ടിനിരത്തുന്ന സമീപനമാണ് കാനത്തിന്റെ ഭാഗത്തു നിന്നുള്ളത്.
കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ആദ്യം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ സി.പി.ഐ. സന്നദ്ധമാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ സി പി ഐക്ക് ലഭിക്കും. ചങ്ങനാശ്ശേരി സി പി ഐക്ക് കൊടുത്താല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ സീറ്റ് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹരിപ്പാട്, പറവൂര്‍ സീറ്റുകള്‍ സി പി ഐയില്‍ നിന്നും തിരിച്ചെടുക്കും . ഇടത് കോട്ടയായിരുന്ന പറവൂര്‍ വി.ഡി. സതീശന്‍ പിടിച്ചെടുത്ത ശേഷം ഇതുവരെ അവിടെ ജയിക്കാന്‍ ഇടതിനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രനെ വരെ സിപിഐ മത്സരിപ്പിചെങ്കിലും തോറ്റു. പറവൂര്‍ സീറ്റ് ഏറ്റെടുത്ത് ഒരു കൈ നോക്കാനുള്ള ആലോചന സി.പി.എമ്മിനുണ്ട്. പകരം ഏത് സീറ്റ് എന്നതിനെ ആശ്രയിച്ചാകും വച്ചുമാറ്റത്തിന്റെ ഭാവി. പിറവം ആണ് സി പി ഐ ക്ക് വേണ്ടി പരിഗണിക്കുന്നത്. പെരുമ്പാവൂര്‍ അല്ലെങ്കില്‍ പിറവം ജോസ് കെ. മാണി പക്ഷത്തിന് കൊടുക്കേണ്ടിവരും. പെരുമ്പാവൂര്‍ ജോസിന് നല്‍കിയാല്‍ പറവൂരിന് പകരം പിറവം സി.പി.ഐക്ക് നല്‍കേണ്ടി വരും.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇത്തവണ ഉശിരന്‍ പോരാട്ടത്തിനാണ് സി.പി.എം. കോപ്പുകൂട്ടുന്നത്. കടുത്ത പോരാട്ടം നടത്തിയിട്ടും ചെന്നിത്തലയെ തോല്‍പിക്കാന്‍ കഴിയാത്തതിനാല്‍ ആ സീറ്റ് ഏറ്റെടുത്ത് ഇത്തവണ ഒരു കൈനോക്കാനുള്ള ആലോചന ജില്ലാ ഘടകത്തിലുണ്ട്. പകരമായി സി.പി.ഐക്ക് നല്‍കാന്‍ ആലോചിക്കുന്നത് അരൂര്‍ സീറ്റാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്‌നം സി.പി.എമ്മിന് വെല്ലുവിളിയായതാണ് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടയാക്കിയതെന്ന ചിന്തയുടെ കൂടി ആടിസ്ഥാനത്തിലാണ് വച്ചുമാറ്റ ആലോചന നടക്കുന്നത്. ചെന്നിത്തലയാണ് ഇടതുമുന്നണി സര്‍ക്കാരിനെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചത് .എന്‍ എസ് എസിന്റെ ചെന്നിത്തല വിരോധം തങ്ങള്‍ക്ക് തുണയാകുമെന്ന് സി പി എം കരുതുന്നു. എന്‍ എസ് എസിന് തള്ളാന്‍ കഴിയാത്ത ഒരു സ്ഥാനാര്‍ത്ഥിയെ ഹരിപ്പാടിന് വേണ്ടി കണ്ടെത്താനാണ് ശ്രമം.
എല്‍.ജെ.ഡിക്കും കേരള കോണ്‍ഗ്രസിനും സീറ്റുകള്‍ കണ്ടെത്തണമെന്നാണ് സി പി എമ്മിന്റെ വാദം. . ഇതിന് വേണ്ടി എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സി.പി.എം. മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. സി പി ഐയുമായി നടത്തിയ ചര്‍ച്ചയിലും വച്ചുമാറ്റത്തിനപ്പുറം വിട്ടുവീഴ്ച എന്ന ആവശ്യത്തിലാണ് സി.പി എം ഉറച്ചുനില്‍ക്കുന്നത്. സി പി ഐയുടെ നിലപാട് നിര്‍ണായകമാകുമെങ്കിലും അവര്‍ക്ക് സി പി എമ്മിനെ ധിക്കരിക്കാന്‍ ധൈര്യം പോരാ.
ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി സീറ്റുകള്‍ ഒഴികെയുള്ള തോറ്റ സീറ്റുകള്‍ വിട്ടുനല്‍കണമെങ്കില്‍ പകരം സീറ്റ് കിട്ടിയേ തീരു എന്ന നിലപാട് സി.പി.ഐ. മുന്നോട്ടുവച്ചേക്കും. ഇരിക്കൂര്‍ ജോസ് കെ മാണിക്ക് നല്‍കിയാല്‍ പകരം കണ്ണൂരില്‍ ഒരു സീറ്റ് സി.പി.ഐ. ചോദിക്കും. അത് പേരാവൂര്‍ ആകാനാണ് സാധ്യത. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സി.പി.ഐ. 19 ഇടത്തും ജയിച്ചു. അതെന്തായാലും സി പി എമ്മിനെ കൂടാതെ ഒരു വിജയം സി പി ഐക്ക് അസാധ്യമാണ്.
https://www.facebook.com/Malayalivartha

























