സ്വര്‍ണക്കടത്ത് കേസില്‍ പിടിച്ചെടുത്ത സ്വര്‍ണം ഉടമയുടെ കയ്യിലേക്ക്? അത് തെളിയിക്കാന്‍ ആയില്ലെങ്കില്‍ അങ്ങനെ സംഭവിക്കും: നെട്ടോട്ടമോടി എന്‍ഐഎ

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു(എന്‍ഐഎ) കഴിഞ്ഞില്ലെങ്കില്‍സംഭവം കൈവിട്ടുപോകുന്ന സാഹചര്യമുണ്ടാകും.... അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസ് തീരുവയും പിഴയും അടച്ചു കൊണ്ടുപോകാന്‍ 'ഉടമ'യ്ക്കു കഴിയുമെന്ന ഒരു സാഹചര്യം ഉടലെടുക്കുകയാണ്.
2019 നവംബറിനും 2020 ജൂണിനും ഇടയില്‍ 167 കിലോഗ്രാം സ്വര്‍ണം പ്രതികള്‍ 22 തവണയായി കടത്തിയെന്നാണു ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന കേസ്. ഇതില്‍ ജൂണ്‍ 30 നു തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചിരുന്ന 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണമാണു കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ സംശയിച്ചതോടെയാണു കേസിന്റെ സ്വഭാവം മാറിയത്. സാധാരണ നിലയില്‍ 15% തീരുവയും ജിഎസ്ടിയും പിഴയും അടച്ചു തിരികെ കൊണ്ടുപോകേണ്ട സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടി.
പ്രതികള്‍ നേരത്തെ കടത്തിയ സ്വര്‍ണവും കണ്ടെത്താന്‍ ശ്രമം തുടങ്ങി. മുഖ്യപ്രതികളെ കൊഫെപോസ (കള്ളക്കടത്ത് തടയല്‍ നിയമം) ചുമത്തി 1 വര്‍ഷത്തേക്കു കരുതല്‍ തടങ്കലിലാക്കി.
കസ്റ്റംസിനു പുറമേ എന്‍ഐഎയും കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇഡി) ആരംഭിച്ച അന്വേഷണങ്ങളാണ് ഈ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചത്. എന്നാല്‍ 7 മാസം പിന്നിടുമ്പോള്‍ പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട യുഎപിഎ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
https://www.facebook.com/Malayalivartha

























