ഒന്നും മറക്കാന്‍ കഴിയില്ല... ശബരിമല വിഷയം പരമാവധി ചര്‍ച്ചയാക്കാതിരിക്കാനായി ശ്രമിക്കുന്ന സര്‍ക്കാരിനോട് സുകുമാരന്‍ നായര്‍ ആവശ്യപ്പെടുന്നത് ഒന്നു മാത്രം; ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ പിന്‍വലിക്കണം; സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു

പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിച്ചത്. അതോടെ ശബരിമല വിഷയം തണുക്കുകയും റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവും മാണി സി കാപ്പന്റെ എല്‍ഡിഎഫ് വിടലുമെല്ലാം ചര്‍ച്ചയായി.
എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ശബരിമല വിഷയവുമായി ശക്തമായി രംഗത്തുണ്ട്. നാമജപത്തിന്റെ പേരിലെടുത്ത കേസ് ചര്‍ച്ചയാക്കിയാണ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത്.
തൊഴില്‍ രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും അടക്കമുള്ളവര്‍ക്കെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരുടെ പേരിലും കേസുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും സര്‍ക്കാര്‍ നിരുപാധികം പിന്‍വലിക്കുന്ന സാഹചര്യത്തില്‍, ഈ കേസുകളും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം കാട്ടണം. അതല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണം. സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും, സന്നിധാനത്തില്‍ ദര്‍ശനത്തിന് എത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍എസ്എസ് ആരോപിക്കുന്നു.
തൊഴില്‍രഹിതരായ വിദ്യാര്‍ത്ഥികളും, സംസ്ഥാനത്ത് തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് കേസിലകപ്പെട്ടവരില്‍ ഏറിയപങ്കും. വളരെ ഗൗരവമേറിയ പല കേസുകളും നിരുപാധികം പിന്‍വലിക്കുന്ന സര്‍ക്കാര്‍, വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസും പിന്‍വലിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ പ്രതികാരമനോഭാവമാണ് വ്യക്തമാകുന്നതെന്ന് പത്രക്കുറിപ്പില്‍ ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തമായതായി സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായി നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞതില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന് എന്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റ്, വിശ്വാസ സംരക്ഷണത്തിനായി ബില്‍ കൊണ്ടുവരാന്‍ നിയമസഭയില്‍ ശ്രമം നടത്തിയിരുന്നുവെന്ന കാര്യം രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ യുഡിഎഫ് നിലപാട് ബോധ്യമായെന്നാണ് എന്‍എസ്എസിന്റെ പുതിയപ്രതികരണം.
വിശ്വാസ സംരക്ഷണത്തിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് എം വിന്‍സെന്റ് എംഎല്‍എ സ്പീക്കറോട് അനുമതി തേടിയിരുന്നെങ്കിലും നിഷേധിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരണത്തിന് അനുമതി തേടിയത്.
അവിടെയും ലഭിക്കാതെ വന്നപ്പോള്‍, കേരള നിയമസഭയില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം വിന്‍സെന്റ് വീണ്ടും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചെന്നിത്തലയുടെ ഈ വിശദീകരണത്തോടെ വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് സ്വീകരിച്ച നിലപാടില്‍ സന്തോഷമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും, അതിനുപിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോടായി സുകുമാരന്‍ നായരുടെ അഭ്യര്‍ത്ഥന.
"
https://www.facebook.com/Malayalivartha