ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ.... അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ നടന്ന ട്വൻറി20 മത്സരത്തിൽ അനായാസമായാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ബൗളർമാരുടെ മിന്നും പ്രകടനത്തിലൂടെ പ്രോട്ടീസിനെ പിടിച്ചുകെട്ടിയ ടീം ഇന്ത്യ, ഏഴു വിക്കറ്റ് ജയമാണ് ധരംശാലയിൽ കരസ്ഥമാക്കിയത്.
ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തുകയും (2-1) ചെയ്തു. ടീമിൻറെ നേട്ടത്തോടൊപ്പം, താരങ്ങൾ വ്യക്തിഗത നാഴിക്കല്ല് പിന്നിടുന്നതിനും ധരംശാല സാക്ഷിയായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും സ്പിന്നർ വരുൺ ചക്രവർത്തിയുമാണ് അവരിൽ പ്രധാനികൾ
മത്സരത്തിൽ നേടിയത് ഒരു വിക്കറ്റാണെങ്കിലും ടി20 കരിയറിൽ 100-ാം വിക്കറ്റാണ് ഹാർദിക് സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 1,500 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത് ഷാക്കിബുൽ ഹസൻ (ബംഗ്ലാദേശ്), വിരൻദീപ് സിങ് (മലേഷ്യ), മുഹമ്മദ് നബി (അഫ്ഗാനിസ്താൻ), സിക്കന്ദർ റാസ (സിംബാബ്വെ) എന്നിവരാണ്. വനിതാ താരങ്ങളിൽ നിദ ദർ (പാകിസ്താൻ), എല്ലിസ് പെറി (ആസ്ട്രേലിയ), ജാനറ്റ് എംബാബസി (ഉഗാണ്ട), സോഫി ഡിവൈൻ (ന്യൂസിലാൻഡ്), ഹെയ്‍ലി മാത്യൂസ് (വെസ്റ്റിൻഡീസ്) എന്നിവരും ഈ ’ഡബിൾ’ സ്വന്തമാക്കിയവരാണ്.
അർഷ്ദീപ് സിങ്ങിനും ജസ്പ്രീത് ബുംറക്കും ശേഷം ട്വൻറി20യിൽ 100 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹാർദിക്. ഈ വർഷമാദ്യം നടന്ന ഏഷ്യകപ്പിൽ ഒമാനെതിരെയാണ് അർഷ്ദീപ് 100 വിക്കറ്റ് തികച്ചത്.
ധരംശാലയിൽ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയാണ് ഹാർദിക് വിക്കറ്റ് നേട്ടം മൂന്നക്കത്തിലെത്തിച്ചത്.
https://www.facebook.com/Malayalivartha


























