വ്യത്യസ്ഥനാകുമ്പോള്‍... കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായ ഒ രാജഗോപാലിന്റെ പല പ്രവര്‍ത്തികളും ബിജെപിക്ക് അത്ഭുതമാകുമ്പോള്‍ മനസ് തുറന്ന് രാജഗോപാല്‍; പിണറായി വിജയനെ അന്ധമായി എതിര്‍ക്കാനില്ല; കുമ്മനവും ഞാനും ഒരു പോലെ അല്ല

ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ സിപിഎമ്മിന്റെ പോലും കയ്യടിക്ക് പാത്രമായിട്ടുണ്ട്. നിയമസഭയില്‍ രാജഗോപാല്‍ എടുത്ത നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
രാജഗോപാല്‍ വീണ്ടും നേമത്ത് വരണമെന്ന് പലരും ആവശ്യപ്പെടുന്നുമുണ്ട്. ഈ സന്ദര്‍ഭത്തിലാണ് രാജഗോപാല്‍ മനസ് തുറക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
നല്ല സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക, മികച്ച തന്ത്രം മെനയുക. ഇതാണു നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള വഴിയെന്ന് രാജഗോപാല്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ സഹായിക്കാന്‍ തയാറുള്ളവര്‍ ഉണ്ടാകും. അവര്‍ക്കു ചില കാര്യങ്ങള്‍ അതിനു പകരം അങ്ങോട്ട് കൊടുക്കേണ്ടി വരും. അത്തരം ചില പരസ്പര ധാരണകള്‍ രൂപപ്പെടുത്താന്‍ സാധിക്കണം.
നേമത്തു തന്നെ കോര്‍പറേഷന്റെ ഭാഗമായി ബിജെപിക്ക് നല്ല സ്വാധീനമുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ തവണ പാര്‍ട്ടി മുന്നിട്ടിറങ്ങി. ബാക്കിയുള്ളയിടത്ത് അതുപോലെ ചെയ്തിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി. അങ്ങനെ സൂക്ഷ്മമായി ചിന്തിച്ചു പ്രവര്‍ത്തിക്കണം.
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചില 'പോസിറ്റീവ്' ആയ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപിയെ പഴയതുപോലെ അകറ്റി നിര്‍ത്തേണ്ടവരായി അവര്‍ കാണുന്നില്ല. സഹിഷ്ണുത കുറേയൊക്കെ ഇപ്പോള്‍ അവര്‍ക്ക് ഞങ്ങളോടുണ്ട്. അതുകൊണ്ട് ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളെ ഒരു പോലെ കാണാന്‍ കഴിയില്ല. മുസ്‌ലിംകളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു അബ്ദുല്ലക്കുട്ടിയല്ലേ ഉള്ളത്? ഇത്തവണ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നു കൂടുതല്‍ സ്ഥാനാര്‍ഥികളും വരും.
എനിക്ക് 92 വയസായി. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഈ പ്രായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെ എങ്കിലും നോക്കുകയാണ് നല്ലത് എന്നു പാര്‍ട്ടിയോടു പറയുന്നുണ്ട്. എന്റെ ബുദ്ധിമുട്ട് അവര്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മാറി നില്‍ക്കാനാണ് ആഗ്രഹം. പാര്‍ട്ടി ഒരു തീരുമാനം എടുത്തിട്ടില്ല.പറ്റിയ ഒരു പകരക്കാരനെ കണ്ടെത്തിയാല്‍ എനിക്കു മാറാവുന്നതെയുള്ളൂ. അങ്ങനെ ഒരാളെ കിട്ടുന്നില്ലെങ്കിലേ പ്രശ്‌നം വരൂ.
കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലര്‍ക്കുമുള്ളത്. അതു കണ്ടറിയണം. ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ അല്ല. ഞാന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയാണ് എന്നാണ് പൊതുവില്‍ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷേ, എല്ലാം കൂടി ചേരുമ്പോള്‍ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരു ചെറുപ്പക്കാരനാണ്. അങ്ങനെ ഒരാള്‍ സ്പീക്കറായി ഇരിക്കുന്നു. ഞങ്ങള്‍ എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. അതുകൊണ്ട് രാഷ്ട്രീയ എതിരാളിയോടുള്ള സമീപനമല്ല, സ്പീക്കറോടു വേണ്ടത്.
പിണറായി വിജയനെ കൂടുതല്‍ ശക്തമായി ഞാന്‍ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍. രണ്ടു തരത്തില്‍ ഉള്ളവരെ രാഷ്ട്രീയത്തിലുളളൂ. ഒന്ന്, ഇപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍, രണ്ട്, നാളെ കൂടെ വരേണ്ടവര്‍.
ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരം. അന്ധമായി എതിര്‍പ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം എന്നാണ് രാജഗോപാല്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha