കയ്യടിയോടെ അണികള്‍... ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ എല്ലാവരേയും കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; എല്ലാവരോടും മോദി ആവശ്യപ്പെട്ടത് ഒന്നു മാത്രം; ജനപിന്തുണ നേടാന്‍ ബി.ജെ.പി. നേതാക്കള്‍ക്ക് കഴിയണം; ഇതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ബി.ജെ.പി. നേതൃത്വം സ്വീകരിക്കണം

ബിജെപി സംസ്ഥാന നേതൃത്വത്തെ ആവേശം കൊള്ളിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോര്‍ കമ്മിറ്റിയിലെ സാന്നിധ്യം. ആദ്യമായാണ് നരേന്ദ്രമോദി കേരളത്തിലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.
തര്‍ക്കങ്ങളൊക്കെ മാറ്റി വച്ച് എങ്ങനെ ജനങ്ങളെ കയ്യിലെടുക്കാമെന്നുള്ള തന്ത്രങ്ങളും മോദി പറഞ്ഞു കൊടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദിയുടെ ഇടപെടല്‍.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുംവിധം ജനപിന്തുണ നേടാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. ഇതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ബി.ജെ.പി. നേതൃത്വം കൈക്കൊള്ളണം. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അമ്പലമുകളിലെ പൊതുപരിപാടികള്‍ക്കുശേഷം വൈകിട്ട് നാലരയോടെയാണ് ബി.ജെ.പി. നേതാക്കളെ കാണാന്‍ മോദിയെത്തിയത്. പരിപാടിയുടെ വേദിയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണു പ്രധാനമന്ത്രിയുടെ തിരക്കിട്ട സന്ദര്‍ശനത്തിനിടെ നേതാക്കളുടെ യോഗം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴികെയുള്ള ഒരു സംസ്ഥാനത്തും അധികാരത്തിലെത്താന്‍ കഴിയാത്ത സാഹചര്യം ബി.ജെ.പി. വിലയിരുത്തുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ നിര്‍ണായക വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഊര്‍ജം പകരുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം. സംസ്ഥാന ഭരണമെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി നീങ്ങാന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ അദ്ദേഹം നടത്തിയ ആഹ്വാനം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കം കൂടിയായി.
സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ചു കൊച്ചി അമ്പലമേട്ടിലെ സ്‌കൂള്‍ മൈതാനത്ത് ഇന്നലെ നടന്ന പൊതുപരിപാടി കഴിഞ്ഞയുടനെയാണു വേദിക്കടുത്തു തന്നെ ഒരുക്കിയ ഹാളിലേക്കു പ്രധാനമന്ത്രി എത്തിയത്. കോര്‍ കമ്മിറ്റി അംഗങ്ങളെ അഭിവാദ്യം ചെയ്തു 15 മിനിറ്റോളം നീണ്ട കാര്യമാത്രമായ പ്രസംഗമാണു മോദി നടത്തിയത്.
കേന്ദ്രഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കേരളത്തിലെ ഇടതു, വലതു മുന്നണികളുടെ പോരായ്മകളും വീഴ്ചകളും തുറന്നുകാട്ടിയും ജനങ്ങളെ സമീപിക്കണം. എല്ലാ വിഭാഗത്തിന്റെയും വിശ്വാസമാര്‍ജിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടു ജനാഭിപ്രായം എതിരാക്കരുത്.
ഐക്യത്തോടെ മാത്രമേ ജനവിശ്വാസമാര്‍ജിക്കാനാകൂ. പ്രവര്‍ത്തകരിലേക്ക് ആവേശം പകരാനും അവരുടെ ആവേശത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളാനും നേതാക്കള്‍ക്കാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രചാരണരംഗത്തു സജീവമായിത്തന്നെ താനും ദേശീയ നേതാക്കളുമുണ്ടാകുമെന്ന ഉറപ്പും മോദി നല്‍കി.
സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ദേശീയ നേതാവ് സി.പി.രാധാകൃഷ്ണന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കേരള ചുമതലയുള്ള സഹപ്രഭാരിയും കര്‍ണാടക എംഎല്‍എയുമായ വി. സുനില്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, എ.എന്‍. രാധാകൃഷ്ണന്‍, എം. ഗണേഷ്, പി. സുധീര്‍ തുടങ്ങിയവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. സംസ്ഥാനഘടകത്തെ സംബന്ധിച്ചു സുപ്രധാന യോഗമായിരുന്നു ഇന്നലത്തേതെന്നു കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha