ആകെ തീപിടിക്കുമ്പോള്‍... നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം മലപ്പുറം ഉപതിരഞ്ഞെടുപ്പും നടത്താന്‍ നീക്കം; പരീക്ഷകളും ആഘോഷങ്ങളും ഒഴിവാക്കി ഏപ്രില്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത; ഈ ആഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും; ആകാംക്ഷയോടെ മുന്നണികള്‍

കേരളത്തില്‍ ഏപ്രില്‍ ആദ്യത്തോടെ തെരഞ്ഞെടുപ്പ് വന്നേക്കാം എന്ന സൂചനയാണ് വരുന്നത്. സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. മൂന്ന് മുഖ്യരാഷ്ട്രീയ കക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്ടറിയുമായും സുനില്‍ അറോറ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് കണക്കാക്കി, കര്‍ശന മാനദണ്ഡങ്ങളോടെയാകും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കുള്ള മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പും ഒപ്പം നടത്തും.
കേരളത്തില്‍ നിലവില്‍ 2.67 കോടി വോട്ടര്‍മാരാണുള്ളത്. പ്രചാരണം നടത്തുമ്പോള്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍ മാത്രം മതി. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് സ്വീകരിക്കും. സോഷ്യല്‍ മീഡിയയിലും മറ്റ് മാദ്ധ്യമങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ കര്‍ശനമായി നിയന്ത്രിക്കും. മൂന്ന് വടക്കന്‍ ജില്ലകള്‍ പ്രശ്‌നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അവിടങ്ങളില്‍ കര്‍ശനസുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും ഓണവും വിഷുവും റംസാനും തീയതികളനുസരിച്ച് മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാറിന് മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കോവിഡ് കാലത്ത് കഴിഞ്ഞെങ്കില്‍ കേരളത്തിലും അത് സാധിക്കും. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാര്‍ എന്നും സുനില്‍ അറോറ ചൂണ്ടിക്കാട്ടി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 14 നു മുന്‍പ് നടത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് അഭ്യര്‍ഥിച്ചു. എപ്പോള്‍ തെരഞ്ഞെടുപ്പു നടത്താനും ഒരുക്കമാണെന്നും വിഷു, റമസാന്‍ വ്രതം തുടങ്ങിയവ കണക്കിലെടുത്ത് ഏപ്രില്‍ 14 നു മുന്‍പു നടത്തുന്നത് ഉചിതമാകുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.
വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ രാഷ്ട്രീയ കക്ഷികള്‍ക്കു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ (സിഇഒ) ശ്രദ്ധയില്‍ കൊണ്ടുവരാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സിഇഒ സ്വീകരിക്കണം.
തെരഞ്ഞെടുപ്പു നടപടികളില്‍ പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. സമൂഹമാധ്യമ ദുരുപയോഗവും ചില മാധ്യമങ്ങളുടെ പക്ഷപാതിത്വവും ഒഴിവാക്കാന്‍ നടപടി വേണമെന്നു രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നിയുക്ത ചീഫ് സെക്രട്ടറി വി.പി.ജോയി, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍, കലക്ടര്‍മാര്‍ തുടങ്ങിയവരുമായും കമ്മിഷന്‍ ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ കേന്ദ്ര, സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി നടന്ന ചര്‍ച്ചയില്‍ ക്രമസമാധാന പാലനവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി.
തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍, ഡപ്യൂട്ടി കമ്മിഷണര്‍ സുദീപ് ജയിന്‍, സെക്രട്ടറി എ.കെ.പഥക്, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഷെയ്ഫാലി ബി.ശരണ്‍, ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ, കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്തായാലും ഏപ്രില്‍ ആദ്യം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുറപ്പായതോടെ ഈ ആഴ്ച ഏറെ നിര്‍ണായകമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ഈ ആഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha