മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിൽ; ദുബായിയില്‍ നിന്ന് മടങ്ങി എത്തുമ്പോൾ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു; യുവതിക്ക് സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ്

മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. യുവതിക്ക് സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തുമെന്നാണ് സൂചന.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് പാലക്കാട് വടക്കാഞ്ചേരിയില്‍ ഉപേക്ഷിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന യുവതിയെ കാണാനായി നാലു തവണ സംഘം എത്തിയിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 19ന് ദുബായിയില്‍ നിന്ന് മടങ്ങി എത്തുമ്ബോള്‍ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു.
ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. തുടര്‍ന്ന് യുവതി ഇവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലിസ് തേടുന്നുണ്ട്.
മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം ആവശ്യപ്പെട്ട് മാന്നാറില്‍ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നല്‍കിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തിയിരുന്നു.
മൊഴികളിലെ വൈരുധ്യം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ സംബന്ധിച്ച് അന്വേഷണം കേന്ദ്രീകരിക്കുമ്ബോഴും ബിന്ദു പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഡി വൈ എസ് പി ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വടക്കഞ്ചേരിയില്‍ നിന്ന് മാന്നാറില്‍ എത്തിച്ച ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha