150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...

മലയാളികളെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു നൂറ്റിയമ്പത് വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം ഇനി മുതൽ 25 വർഷത്തിലൊരിക്കൽ കേരളത്തിൽ ആവർത്തിക്കാനിടയുണ്ടെന്ന് ഗവേഷണം മുന്നറിയിപ്പ് നൽകുന്നു. 2018-ലെ മഹാപ്രളയത്തിൽ നിന്ന് കേരളം കരകയറിയത് ലോകം കണ്ടതാണ്. എന്നാൽ, അതിനുശേഷമുള്ള വർഷങ്ങളിൽ ഉണ്ടായ ശക്തമായ മഴകളും ഉരുള്‍പൊട്ടലുകളും സംസ്ഥാനത്തെ വീണ്ടും വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മുണ്ടക്കൈ ഉൾപ്പെടെ സംസ്ഥാനത്തെ നടുക്കിയ ദുരന്തങ്ങൾ ഇതിന് തെളിവായി. ഇതിനു പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ട് പുറത്ത് വന്നത്.
കൊല്ലത്തെ ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ വെള്ളപ്പൊക്ക മോഡലുകള്‍ യഥാര്‍ഥ വെള്ളപ്പൊക്ക സാധ്യതയെ 40% വരെ കുറച്ചുകാണുന്നതാണെന്ന് പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്.
കേരളത്തിലെ വെള്ളപ്പൊക്ക ഭൂപടങ്ങള്‍, അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍, അഴുക്കുചാല്‍ രീതികള്‍ എന്നിവ നിലവിലെ മഴയുടെ രീതികള്‍ക്കനുസരിച്ചല്ല. ഇത് കാരണമാണ് മിതമായ മഴ പെയ്യുമ്പോള്‍ തന്നെ നഗരങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള കാരണമെന്ന് പഠനം വിശദീകരിക്കുന്നു. ഇത്തരം ഡിസൈന്‍ മാനദണ്ഡങ്ങള്‍ അടിയന്തിരമായി പുതുക്കിയില്ലെങ്കില്‍ പതിവ് മണ്‍സൂണ്‍ മഴയില്‍ പോലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡില്‍ നിന്നുള്ള 40 വര്‍ഷത്തെ വെള്ളപ്പൊക്ക ഡിസ്ചാര്‍ജ് രേഖകള്‍ സംഘം വിശകലനം ചെയ്തു. കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ല, താപനില, ചാന്ദ്ര ചക്രങ്ങള്‍ എന്നിവ അതേപടി നിലനില്‍ക്കും എന്ന അനുമാനത്തിലാണ് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സത്യം അതല്ല. പെട്ടെന്നുള്ള മഴയെ നേരിടാനുള്ള ശേഷി പരിമിതമായതിനാല്‍ നമ്മുടെ നാട്ടിലെ പാലങ്ങള്‍, അണക്കെട്ടുകള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവയെല്ലാം അപകടത്തിലാണ് -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫസര്‍ ആദര്‍ശ് എസ്. പറഞ്ഞു.
മിതമായ മഴ ലഭിച്ചാല്‍ തന്നെ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം വെള്ളക്കെട്ട് പതിവാണ്. കേരളത്തിലെ അഴുക്കുചാല്‍ ശൃംഖല, കല്‍വെര്‍ട്ടുകള്‍, പാലങ്ങള്‍ എന്നിവ നിലവിലെ മഴയുടെ രീതികളെ പ്രതിഫലിപ്പിക്കാത്ത ഒരു വെള്ളപ്പൊക്ക ഭൂപടം ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
വാര്‍ഷിക മഴയുടെ 80% ത്തിലധികവും സംസ്ഥാനത്ത് ലഭിക്കുന്നത് വെറും നാല് മാസങ്ങള്‍ക്കുള്ളിലാണ്. 2018, 2019, 2020, 2024 വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കങ്ങള്‍ നേരിടേണ്ടി വന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നത് വെള്ളപ്പൊക്കം കൂടുതല്‍ തീവ്രവും പതിവാായി മാറുന്നുവെന്നാണ് കാണിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























