നാസയുടെ എസ്‌കപേഡ് ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു...

നാസയുടെ എസ്‌കപേഡ് (ESCAPADE- Escape and Plasma Acceleration and Dynamics Explorers) ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. ജെഫ് ബെസോസിന്റെ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനമായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ് കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെച്ചത്. ഞായറാഴ്ച രാത്രിയാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കമ്പനി ഇക്കാര്യം അറിയിച്ചത്.
അപകടകരമായ കാലാവസ്ഥയില്‍ സുരക്ഷിതമായ റോക്കറ്റ് വിക്ഷേപണം ഉറപ്പാക്കാനായി രൂപകല്‍പന ചെയ്ത ക്യുമുലസ് ക്ലൗഡ് നിയമം അനുസരിച്ചാണ് വിക്ഷേപണം വൈകിച്ചതെന്ന് കമ്പനി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ബ്ലൂ എന്നും ഗോള്‍ഡ് എന്നും പേരിട്ടിരിക്കുന്ന രണ്ട് കുഞ്ഞന്‍ ഇരട്ട പേടകങ്ങള്‍ ഉപയോഗിച്ച് ചൊവ്വയുടെ കാന്തികമണ്ഡലത്തെകുറിച്ചും അന്തരീക്ഷ നഷ്ടത്തെകുറിച്ചും പഠിക്കുന്നതിന് വേണ്ടിയാണ് എക്‌സ്‌കപേഡ് ദൗത്യം രൂപകല്‍പന ചെയ്തത്.
ബ്ലൂ ഒറിജിന്റെ ശക്തിയേറിയ ന്യൂ ഗ്ലെന്‍ റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമായിരിക്കും ഇത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷകരില്‍ നിന്നുള്ള അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ദൗത്യം മാറ്റിവെക്കുകയായിരുന്നു. അടുത്തവിക്ഷേപണം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച 1.30 ന് (1.30 AM) ആയിരിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചനകൾ.
"
https://www.facebook.com/Malayalivartha
























