കൈവിട്ട് കളിക്കുമ്പോള്‍... ഡല്‍ഹിയിലെ കര്‍ഷകരുടെ സമരത്തിന് മോദിയോട് ചോദിക്കാന്‍ വയനാട്ടില്‍ ട്രാക്ടര്‍ ഓടിച്ച് കളിച്ച് രാഹുല്‍ ഗാന്ധി; ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരിയും കൈവിട്ടു; കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീണു; രാഹുല്‍ ഗാന്ധിയുടെ ഒരു ചിറകുകൂടി അരിഞ്ഞു

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ ട്രാക്ടര്‍ റാലിയെ കളിയാക്കി വലിയ ട്രോളുകളാണ് ഇറങ്ങിയത്. അങ്ങ് ഡല്‍ഹിയില്‍ മോദിയെ തോല്‍പ്പിക്കാന്‍ സമരത്തിന്റെ ഒരു ചൂടും ഇല്ലാത്ത വയനാട്ടിലാണ് ട്രാക്ടര്‍ ഓടിച്ചത്.
മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെസി വേണുഗോപാല്‍ എം.പിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളുടെ അകമ്പടിയോടെയായിരുന്നു റാലി. എന്തായാലും രാഹുല്‍ ഇവിടെ ട്രാക്ടര്‍ ഓടിച്ച് കളിക്കുമ്പോള്‍ തൊട്ടടുത്ത പുതുച്ചേരി കൈവിടുകയായിരുന്നു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ സ്വന്തം എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതോടെ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഡി.എം.കെ സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടിന്റെ കടമ്പ കടക്കാനാകാതെ നിലംപതിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിച്ചെന്ന് നാരായണസാമി ആരോപിച്ചു. ഭാവിപരിപാടി പിന്നീട് തീരുമാനിക്കുമെന്ന് പ്രതിപക്ഷമായ എന്‍.ആര്‍ കോണ്‍ഗ്രസും എ.എ.എ.ഡി.എം.കെയും വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്നും അടുത്ത നടപടി കേന്ദ്രം തീരുമാനിക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്. ഒരു മാസത്തിനിടെ ആറ് എം.എല്‍.എമാര്‍ രാജിവച്ചതോടെ നാരായണസാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. വിശ്വാസവോട്ട് തേടാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലെഫ്. ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
ഇന്നലെ വിശ്വാസവോട്ടെടുപ്പിനു മുമ്പ്, സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഭരണപക്ഷം വാക്കൗട്ട് നടത്തി. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാകാതെ നാരായണസാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. പിന്നാലെ നാരായണസാമി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു.
33 അംഗ നിയമസഭയില്‍ 30 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും മൂന്നു പേര്‍ നോമിനേറ്റഡ് അംഗങ്ങളുമാണ്. ഞായറാഴ്ച കോണ്‍ഗ്രസിലെ കെ. ലക്ഷ്മിനാരായണനും ഡി.എം. കെയിലെ വെങ്കിടേശ്വനും കൂടി രാജിവച്ചതോടെ ഫലത്തില്‍ പുതുച്ചേരി നിയമസഭയിലെ അംഗസംഖ്യ 26 ആയി ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് 14 പേരുടെ പിന്തുണയാണ് വേണ്ടത്.
സ്പീക്കര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 9, ഡി.എം.കെ 2, ഒരു ഇടത് സ്വതന്ത്രന്‍ എന്നിങ്ങനെ നാരായണസാമി സര്‍ക്കാരിന് 12 എം.എല്‍.എമാരാണുള്ളത്.പ്രതിപക്ഷ നേതാവായ എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസിന് എഴ്, എ.ഐ.എ.ഡി.എം.കെയ്ക്ക് നാല്, ബി.ജെ.പിക്ക് മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ എന്നിങ്ങനെ പ്രതിപക്ഷത്ത് 14 എം.എല്‍.എമാര്‍. എന്നാല്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല.
കഴിഞ്ഞ ഒരുമാസത്തിനിടെ ഭരണപക്ഷത്തു നിന്ന് എം.എല്‍.എമാരായ മുന്‍മന്ത്രി എ. നമശിവായം, മല്ലാഡി കൃഷ്ണ റാവു, ഇ. തീപ്പയ്യന്തന്‍, ജോണ്‍കുമാര്‍ എന്നിവര്‍ രാജിവച്ചു. നമശ്ശിവായം ഉള്‍പ്പെടെ രണ്ടുപേര്‍ ബി.ജെ.പിയില്‍ ചേക്കേറി. ജൂലായില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍. ധനവേലുവിനെ കോണ്‍ഗ്രസ് അയോഗ്യനാക്കിയിരുന്നു.
മുന്‍ ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് നാരായണസാമി പറഞ്ഞത്. അതേസമയം സ്വന്തം പരാജയം മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെയും മുന്‍ ലെഫ്.ഗവര്‍ണറെയും നാരായണസാമി പഴിചാരുകയാണെന്ന് പ്രതിപക്ഷ നേതാവ് രംഗസാമിയും പറഞ്ഞു.
L
https://www.facebook.com/Malayalivartha