ഇനിയും വൈകില്ല... ഏത് സമയവും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ സ്പീക്കറുടെ മൊഴിയെടുക്കല്‍ വൈകില്ലെന്ന് റിപ്പോര്‍ട്ട്; ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം ഡല്‍ഹിയിലെത്തി മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി; ചോദ്യംചെയ്യാന്‍ തയാറെടുത്ത് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധിക നാളില്ല. സ്വര്‍ണക്കടത്തു കേസും സ്വപ്നയുമൊന്നും ഇപ്പോള്‍ ചര്‍ച്ചയിലില്ല. അതേ സമയം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
വിദേശത്തേക്കു ഡോളര്‍കടത്തിയ കേസില്‍ സംശയനിഴലിലുള്ള നിയമസഭാ ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം ഡല്‍ഹിയിലെത്തി മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണു സ്പീക്കറെ ചോദ്യംചെയ്യാന്‍ തയാറെടുക്കുന്നത്.
സ്പീക്കറെ ചോദ്യംചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിനു മുമ്പും ശേഷവും ഒരു മാസം അദ്ദേഹത്തിനു നിയമപരമായ പരിരക്ഷയുള്ളതിനാല്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം പിരിഞ്ഞിട്ട് ഇന്നലെ ഒരു മാസം തികഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം ഇറങ്ങുന്നതോടെ സ്പീക്കറെന്ന നിലയിലുള്ള അവകാശങ്ങള്‍ നാമമാത്രമാകും. ഭരണഘടനാ പദവി മാനിച്ചാണു ചോദ്യംചെയ്യാന്‍ തിടുക്കം കാണിക്കാതിരുന്നത്. പരിരക്ഷയുള്ള സമയത്തു സമന്‍സ് നല്‍കിയാല്‍ അദ്ദേഹം കോടതിയെ സമീപിക്കാനുള്ള സാധ്യതയും കണക്കിലെടുത്തു.
പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴികളല്ലാതെ മറ്റു തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റു തെളിവുകളില്ലെങ്കിലും സംശയനിഴലിലുള്ള ഉന്നതനെയടക്കം പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം തേടി. അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനമെടുക്കാമെന്നു മറുപടി ലഭിച്ചതായാണു സൂചന.
യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ വഴി പ്രതികള്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയെന്നു വ്യക്തമായിരുന്നു. ആറു കോടി രൂപയുടെ ഡോളര്‍ കടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയെയും സരിത്തിനെയും കൂടാതെ, കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരെയാണു പ്രതി ചേര്‍ത്തിട്ടുള്ളത്.
അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്നാണ് ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ഇങ്ങനെയൊരു പ്രമേയം ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇല്ലാതെ കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രമേയം അവതരിപ്പിച്ച ഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. ഏതെങ്കിലും പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി മറുപടി നല്‍കാന്‍ തനിക്ക് സമയമില്ല.
അതുകൊണ്ടാണ് തനിക്കെതിരായ അരോപണങ്ങളോട് പ്രതികരിക്കാതിരുന്നത്. കേട്ടുകേള്‍വികളുടെ പേരില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു.
എന്തായാലും ശ്രീരാമകൃഷ്ണനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതോടെ വീണ്ടും കാര്യങ്ങള്‍ തിരിഞ്ഞ് മറിയും. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം പോലും ഇതോടെ ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha
























