സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ല... ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാരസമരം തുടങ്ങി...

ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം കടുപ്പിക്കാന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അസോസിയേഷനും സിവില്‍ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സും തീരുമാനിച്ചു.
സമരത്തിന്റെ 28-ാം ദിവസമായ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാരസമരം തുടങ്ങി. നേതാക്കളായ വിനീഷ്, റിജു, മനുസോമന്‍ എന്നിവരാണ് നിരാഹാരം തുടങ്ങിയത്.സി.പി.ഒ റാങ്ക് ജേതാക്കളും ഇന്നു മുതല്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ച് സമരത്തിന്റെ രൂപം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്നലെ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സമരം ഒത്തു തീര്‍പ്പിലെത്തിക്കാനുള്ള ശ്രമം ലാസ്റ്റ് ഗ്രേഡുകാര്‍ നടത്തിയെങ്കിലും തീര്‍ത്തും അവഗണനാപരമായ നിലപാടാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സംസ്ഥാന നേതാവ് ലയാ രാജേഷ് പറഞ്ഞു.
തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇത് സര്‍ക്കാര്‍ ഉത്തരവായി ഇറക്കാമെന്നും ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയെങ്കിലും അതു പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് കടുത്ത സമരത്തിലേക്കു നീങ്ങുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഉത്തരവിറങ്ങുമെന്ന് മന്ത്രി എ.കെ.ബാലനും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
സമരത്തെ തുടര്‍ന്ന് താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിറുത്തിവയ്ക്കുകയും പുതിയ തസ്തിക സൃഷ്ടിക്കുന്നതടക്കം സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന നിലപാടും സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായ നടപടികളൊന്നും ഉണ്ടായില്ല. പുതിയ തസ്തിക സൃഷ്ടിക്കുകയല്ല, നിലവിലെ 3200 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തിയാല്‍ മതിയെന്നതായിരുന്നു സി.പി.ഒ റാങ്ക് ലിസ്റ്റുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha