കരണംമറിഞ്ഞ് കടകംപള്ളി... കടകംപള്ളി സുരേന്ദ്രനെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നു; പാര്‍ട്ടി പറഞ്ഞാന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് മുരളീധരന്‍; കടകംപള്ള സ്ഥാനാര്‍ത്ഥിയാകുന്നതോടെ ശബരിമല വിഷയം സജീവമാക്കാനുറച്ച് ബിജെപി

രണ്ട് മന്ത്രിമാര്‍ നേരിട്ട് മത്സരിക്കുന്നു എന്ന അപൂര്‍വമായ കാഴ്ചയാണ് കഴക്കൂട്ടത്ത് കാണാനിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.
തന്റെ മണ്ഡലം കഴക്കൂട്ടമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ അവിടെ മത്സരിക്കുമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞതോടെയാണ് സംശയം മാറിയത്.
ബി.ജെ.പിയും എന്‍.ഡി.എയെയും പൂര്‍ണ സജ്ജമാണ്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞതവണ ഒരു സീറ്റ് നേടി നിയമസഭയില്‍ ബി.ജെ.പി ചരിത്രം കുറിച്ചു. എട്ടു സീറ്റുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു.
ഇത്തവണ കൂടുതല്‍ സീറ്റ് നേടി നിയമസഭയില്‍ നിര്‍ണായക ശക്തിയാവാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്കെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും പത്തുസീറ്റില്‍ ധാരണയുണ്ടാക്കിയെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അദ്ദേഹം തള്ളി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വീണ്ടും കളത്തില്‍ ഇറങ്ങും എന്ന് തന്നെയാണ് അണികളും വിശ്വസിക്കുന്നത്. കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാമെന്നാണ് മുരളീധരന്റെ നിലപാട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ഥിയാകും.
മത്സര സാധ്യത മുന്നില്‍ കണ്ട് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളെ നേരിട്ട് പോയി കണ്ടു.
കഴക്കൂട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം അടക്കമുള്ള പ്രാദേശിക വികസന വിഷയങ്ങളിലും മന്ത്രി സജീവമാണ്. കേരളത്തിലെത്തുന്ന സമയങ്ങളിലെല്ലാം കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലെല്ലാം വലിയ മുന്നേറ്റം നടത്താനായതാണ് ബിജെപിയുടെ ആത്മവിശ്വാസം. കഴിഞ്ഞതവണ കടകംപള്ളി സുരേന്ദ്രനോട് നേരിയ വോട്ടുകള്‍ക്കാണ് വി മുരളീധരന്‍ പരാജയപ്പെട്ടത്.
കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശേഷിയും ചേര്‍ന്നാല്‍ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വിജയിച്ച നേമത്തിനു ശേഷം സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം.
മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കഴക്കൂട്ടത്ത് കെ സുരേന്ദ്രനാണ് സാധ്യത. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാട് സുരേന്ദ്രന്‍ പാര്‍ട്ടിയിലെ പലരുമായും പങ്കുവെച്ചിട്ടുണ്ട്.
ശബരിമല ഉള്‍പ്പെടുന്ന കോന്നിയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആഗ്രഹം പലരും പങ്കുവെക്കുന്നുണ്ടെങ്കിലും കഴക്കൂട്ടത്തിനാണ് കൂടുതല്‍ സാധ്യത.
സിറ്റിങ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കുമ്മനത്തിന്റെ പേരാണ് ജില്ലാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന്‍, നേമത്തെ സാമുദായിക സമവാക്യങ്ങള്‍ക്ക് ഇണങ്ങുന്ന സ്ഥാനാര്‍ത്ഥിയുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്തിന്റെ ഭാഗമായ തദ്ദേശ വാര്‍ഡുകളില്‍ വലിയ ഭൂരിപക്ഷം നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. പ്രായാധിക്യം മൂലം ഇനി മത്സരരംഗത്ത് ഇല്ലെന്ന നിലപാട് ഒ രാജഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇതാണ് സിറ്റിംഗ് എംഎല്‍എയെ മറികടന്ന് കുമ്മനത്തിന്റെ പേര് ജില്ലാനേതൃത്വം നിര്‍ദ്ദേശിച്ചതിനും കാരണം. എന്തായാലും കഴക്കൂട്ടത്ത് രണ്ട് മന്ത്രിമാര്‍ വരുന്നതോടെ രംഗം കൊഴുക്കും. പഴയ ശബരിമല വിഷയമാണ് ഏറെ തിളയ്ക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha
























