പിടിച്ചുകുലുക്കി ബിജെപി... ബംഗാള്‍ പോലെ ആകാതിരിക്കാന്‍ സിപിഎമ്മിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല; പാര്‍ട്ടി അണയാതിരിക്കാന്‍ തുടര്‍ഭരണം കൂടിയേ കഴിയൂ; എങ്ങനേയും വേരോട്ടം നടത്താന്‍ ബിജെപിയുടെ കഠിന പ്രയത്‌നം

കേരളത്തിലെ സിപിഎമ്മിന്റെ തുടര്‍ഭരണം പാര്‍ട്ടിയുടെ ഗതി നിര്‍ണയിക്കും. ബംഗാള്‍ ആകാതിരിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ. കേരളത്തില്‍ തുടര്‍ഭരണം എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന് അനിവാര്യമാണെന്നാണു സിപിഎമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്.
ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം പിടിച്ചുനില്‍ക്കുന്നതു കേരളത്തില്‍ മാത്രമായതിനാല്‍ തോല്‍വി ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും അവര്‍ നടത്തും.
എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ സമാപിച്ച അന്നുതന്നെ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതു മുന്നണിക്ക് ആവേശം പകരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേള നല്‍കാന്‍ സിപിഎമ്മും സിപിഐയും സമ്മതിച്ചിരുന്നില്ല.
അതില്‍ കണ്ട കുറവുകള്‍ നികത്തി സംഘടനാ ശരീരം അവര്‍ കൂടുതല്‍ ശക്തമാക്കി. സംസ്ഥാനതല ശില്‍പശാല തൊട്ടു താഴെത്തട്ടില്‍ വരെ യോഗങ്ങള്‍ വിളിച്ചു തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളെല്ലാം വേഗത്തിലാക്കി.
വികസന മുന്നേറ്റ ജാഥ രാഷ്ട്രീയമായി വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും പ്രാദേശികമായി ഇടത് ഐക്യവും സംഘടനാ കെട്ടുറപ്പും ശക്തമാക്കി എന്നാണു വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വി ഏല്‍പിച്ച ക്ഷീണം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലൂടെയും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പു വിജയം വഴിയും മായ്ച്ചു കളയാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണു മുന്നണി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ വിറപ്പിച്ചപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയം തുടര്‍ഭരണ പ്രതീക്ഷകള്‍ ശക്തമാക്കി.
എന്നാല്‍ ആ ഫലത്തിനു ശേഷം രാഷ്ട്രീയമായി മെച്ചമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടികള്‍ ഉണ്ടാകുകയും ചെയ്തു. ശബരിമല തൊട്ട് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വരെയുള്ള കാര്യങ്ങളില്‍ പിന്നോട്ടിറങ്ങാന്‍ നിര്‍ബന്ധിതമായ ഘട്ടത്തിലാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം.
11 കക്ഷികളുള്ള മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫിന്റെ ഇടതു സ്വഭാവംതന്നെ മാറ്റിവച്ചും വിട്ടുവീഴ്ചകള്‍ ചെയ്തും ജയിക്കാനുള്ള മാര്‍ഗം നോക്കുകയാണ് സിപിഎം.
അതേസമയം ബംഗാളും ത്രിപുരയും പോലുള്ള ചുവപ്പന്‍ കോട്ടകളില്‍ കടന്നു കയറിയിട്ടും അകന്നു നില്‍ക്കുന്ന കേരളത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണു ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നത്.
നിലവിലെ ഏക സീറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുക മാത്രമല്ല,10 സീറ്റെങ്കിലും നേടുക കൂടിയാണ് ബിജെപിയുടെ ലക്ഷ്യം. അതു സംഭവിച്ചാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ത്രിശങ്കു സഭയായിരിക്കും കേരളത്തില്‍ എന്നും ബിജെപി സ്വപ്നം കാണുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയ യാത്ര പാതിവഴി ആകുമ്പോഴാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നത്. ഇതോടെ സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവയിലേക്കു കാര്യമായി ബിജെപിക്കു കേന്ദ്രീകരിക്കേണ്ടി വരും.
ആര്‍എസ്എസിന്റെ പിന്തുണയോടെ ശക്തമായ സംഘടനാ പ്രവര്‍ത്തനമാണു ബിജെപി നടത്തുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കു പൊതുവായ വോട്ട് വളര്‍ച്ച ഉണ്ടായില്ലെങ്കിലും 35 നിയമസഭാ സീറ്റുകളില്‍ 20 ശതമാനമോ അതിലേറെയോ വോട്ട് കിട്ടി.
മുപ്പതിനായിരത്തോളം വോട്ടു കിട്ടുന്ന 42 നിയമസഭാ മണ്ഡലങ്ങള്‍ ബിജെപി എ പ്ലസ് ആയി കണക്കാക്കി രണ്ടും കല്‍പിച്ചു പൊരുതാനുള്ള ശ്രമത്തിലാണ്.
ന്യൂനപക്ഷ പിന്തുണ നേടിയാല്‍ മാത്രമേ കേരളത്തില്‍ വിജയം നേടാന്‍ കഴിയൂ എന്നു മനസ്സിലാക്കിയ ബിജെപി ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഈ വിഭാഗത്തില്‍നിന്നു കൂടുതല്‍ സ്ഥാനാര്‍ഥികളെ അണിനിരത്താനും സാധ്യതയുണ്ട്.
എന്‍ഡിഎ ശക്തിപ്പെടുത്താന്‍ ബിജെപി കാര്യമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്തു പകര്‍ന്ന ബിഡിജെഎസ് പിളര്‍പ്പു മൂലം ക്ഷീണിച്ചു.
ശബരിമല വിഷയം അടക്കം വീണ്ടും ഉയര്‍ത്തിയും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചും ഇരുമുന്നണികള്‍ക്കും ബദല്‍ എന്ന് ചൂണ്ടിക്കാട്ടിയും മുന്നണികളെ ഞെട്ടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു ബിജെപി.
https://www.facebook.com/Malayalivartha
























