ആഴക്കടൽ മത്സ്യബന്ധനത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതിയുടെ തീരദേശ ഹർത്താൽ ഇന്ന്.... ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി അനുവദിക്കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചു...

ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ടതിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ കമ്പനി ഇഎംസിസിക്കു ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി അനുവദിക്കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചു.
കമ്പനിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പുവച്ച 2,950 കോടി രൂപയുടെ ധാരണാപത്രവും കേരള വ്യവസായ വികസന കോർപറേഷൻ ഒപ്പുവച്ച 5,000 കോടിയുടെ ധാരണാപത്രവും റദ്ദാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണു ഭൂമി ഇടപാടും ഇപ്പോൾ വേണ്ടെന്നു വയ്ക്കുന്നത്.
ഇതോടെ സർക്കാരിന് ഇഎംസിസിയുമായുള്ള എല്ലാ ധാരണാപത്രങ്ങളും അവസാനിച്ചെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. ജില്ലാ ലാൻഡ് അലോട്മെന്റ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി മൂന്നിനാണ് ഇഎംസിസിക്കു ഭൂമി അനുവദിച്ച് കെഎസ്ഐഡിസി എംഡി എം.ജി. രാജമാണിക്യം ഉത്തരവിറക്കിയത്.
ഏക്കറിനു 1.37 കോടി രൂപ എന്ന നിരക്കിൽ 30 വർഷത്തേക്കാണു നാലേക്കർ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ, ഭൂമി കൈമാറ്റത്തിനു കരാർ ഒപ്പിടുന്നതോ ഫീസ് സ്വീകരിക്കുന്നതോ പോലുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ലെന്നു വ്യവസായ വകുപ്പ് പരാമർശിക്കുന്നു.
ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 2,250 കോടിയുടെ മറ്റൊരു ധാരണാപത്രവും സർക്കാരുമായി ഒപ്പിട്ടിരുന്നുവെന്നു കമ്പനി പ്രസിഡന്റ് ഷിജു വർഗീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേപ്പറ്റി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യം നിഷേധിച്ചിരുന്ന ഭൂമി ഇടപാടും വേറെ മാർഗം ഇല്ലാത്തതിനാൽ സർക്കാർ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.
ഭൂമിക്കു കമ്പനി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നുള്ള വാദമാണു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ ഉന്നയിച്ചത്. സ്ഥലം അനുവദിച്ച നടപടികളിൽ നിന്നു പിൻവാങ്ങുമോ എന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസവും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.
ഇതുമാമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ഇന്ന് ആരംഭിച്ചു. തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ നടത്തുന്നത്.
ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവിടാത്തതിലും, സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്.
നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലയിൽ മൽസ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് സംഘടനകൾ പിൻമാറിയിരുന്നു.
ഹർത്താൽ അവഗണിച്ച് കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ വാക്കേറ്റവും ഉണ്ടായിരുന്നു.
സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം നിലനിന്നത്. ഇരു വിഭാഗങ്ങളെയും പൊലീസ് എത്തിയ ശേഷമാണ് പറഞ്ഞു വിട്ടത്.
അതേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ടത് ആശ്ചര്യകരമായ ധാരണാപത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനിടയ്ക്കു സർക്കാരിനെയോ വകുപ്പു സെക്രട്ടറിയെയോ അറിയിക്കാതെ ഫെബ്രുവരി 2ന് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ. പ്രശാന്ത് നടത്തിയത് ഒപ്പിടൽ നാടകമാണെന്നും വിവരം തിരക്കിയ മാധ്യമ പ്രവർത്തകയോട് എംഡി സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന പരാതി തനിക്ക് ലഭിച്ചിട്ടുണ്ട്.
ഇതേ പറ്റി അന്വേഷിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന അസെൻഡ് ഉച്ചകോടിയിൽ ഇഎംസിസി ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. പിന്നീടെങ്ങനെ ഇവർ വന്നുവെന്ന് അന്വേഷിച്ചാൽ മാത്രമേ അറിയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha