തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളും ശ്രദ്ധാകേന്ദ്രമാണെങ്കിലും മധ്യകേരളത്തിലെ പൂഞ്ഞാർ നോട്ടപ്പുള്ളിയാണ്. കാരണം രാഷ്ട്രീയത്തിലെ പിടികിട്ടാപ്പുളളിയായ സാക്ഷാല്‍ പൂഞ്ഞാര്‍ ആശാന്‍ ഇത്തവണ വീഴുമോ അതോ വാഴുമോ എന്നത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്

തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളും ശ്രദ്ധാകേന്ദ്രമാണെങ്കിലും മധ്യകേരളത്തിലെ പൂഞ്ഞാല്‍ നോട്ടപ്പുള്ളിയാണ്. കാരണം രാഷ്ട്രീയത്തിലെ പിടികിട്ടാപ്പുളളിയായ സാക്ഷാല്‍ പൂഞ്ഞാര്‍ ആശാന്‍ ഇത്തവണ വീഴുമോ അതോ വാഴുമോ എന്നത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്.
കോട്ടയം ജില്ലയില്‍ ഇരുമുന്നണികളിലും സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ എല്‍ഡിഎഫില്‍ ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസും സിപിഐയും തമ്മിലാണ് തര്‍ക്കം.
ബിഡിജെഎസിന് നല്‍കുന്ന സീറ്റുകളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്‍ഡിഎയിലും തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. 5 മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ ഏകദേശ ധാരണയില്‍ എത്തിയപ്പോള്‍ നാലിടത്താണ് തീരുമാനം ആവാതെ നില്‍ക്കുകയാണ്. മൂന്ന് മുന്നണികളിലും ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ന് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുത്തുരുത്തി, പാലാ, പുതുപ്പള്ളി, കോട്ടയം, വൈക്കം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെയോ മത്സരിക്കുന്ന പാര്‍ട്ടികളുടെയോ കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങള്‍ ഇല്ല. എന്നാല്‍ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ഇപ്പോഴും മുന്നണികളില്‍ തര്‍ക്കം തുടരുന്നത്. പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയില്ലെങ്കിലും ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കാത്ത മണ്ഡലമാണ് പിസി ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ പിസി ജോര്‍ജ് വീണ്ടും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും പൂഞ്ഞാറില്‍ വിജയ സാധ്യത കാണുന്നുണ്ട്. ബിജെപിക്കും മണ്ഡലത്തില്‍ താല്‍പര്യമുണ്ട്.
ശക്തമായ മത്സരം നടന്നാല്‍ പിസി ജോര്‍ജിനെ വീഴ്ത്തി മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ അവകാശവാദം. മത്സരം ചതുഷ്‌കോണമോ ത്രികോണമോ ആകാം. പിസി ജോര്‍ജിന് 2016 ല്‍ കിട്ടിയത് പോലൊരു പിന്തുണ ഇത്തവണ പൂഞ്ഞാറില്‍ കിട്ടില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ് എം കൂടി വന്നത് അനുകൂല ഘടകമാവുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും കേരള കോണ്‍ഗ്രസുകള്‍ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. പൂഞ്ഞാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ മലയോര മേഖലയില്‍ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മും സിപിഐയും പ്രതീക്ഷിക്കുന്നു.
സീറ്റ് സിപിഎമ്മിന് ലഭിച്ചാല്‍ മുതിര്‍ന്ന നേതാവ് കെജെ തോമസിനെ മത്സരിപ്പിക്കും. അതേസുയം കെജെ തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നാല്‍ തന്റെ ഭൂരിപക്ഷം 40000 കടക്കുമെന്നായിരുന്നു പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പകരം കേരള കോണ്‍ഗ്രസ് എമ്മിന്റെ പൂഞ്ഞാര്‍ തന്നെ നേടിയെടുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. യുഡിഎഫില്‍ തര്‍ക്കും കുറച്ചുകൂടി രൂക്ഷമാണ്. രമ്പരാഗത കേരള കോണ്‍ഗ്രസ് മണ്ഡലം ഒപ്പം നിര്‍ത്തുകയാണ് യുഡിഎഫില്‍ ജോസഫ് വിഭാഗം ലക്ഷ്യം.
എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മും പിസി ജോര്‍ജും മുന്നണിയുടെ ഭാഗമല്ലാത്ത സാഹചര്യത്തില്‍ മണ്ഡലം തിരിച്ച് പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ശ്രമം. ജോസഫ് വിഭാഗത്തില്‍ നിന്നും ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ വിട്ടു കിട്ടാനുള്ള വിലപേശല്‍ തന്ത്രമായും കോണ്‍ഗ്രസ് പൂഞ്ഞാറിനെ ഉപയോഗിക്കുന്നുണ്ട്.
ബിജെപിയില്‍ ആവട്ടെ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് പിന്തുണ നല്‍കണമോയെന്ന കാര്യത്തില്‍ രണ്ട് മനസ്സാണ്. അതേസമയം ആരുടേയും പിന്തുണ സ്വീകരിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ ഒരു മുന്നണിയുടേയും ഭാഗമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവിയല്‍ പരുവത്തിലാണ് പൂഞ്ഞാറിലെ കാര്യങ്ങള്‍.
https://www.facebook.com/Malayalivartha