ശിവാലയ ഓട്ടത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ വ്രതാനുഷ്ഠാനം ഇന്ന് ആരംഭിക്കും.... ദര്‍ശന ക്രമത്തിലെ ആദ്യ ക്ഷേത്രമായ മുഞ്ചിറ തിരുമല മഹാദേവ ക്ഷേത്രത്തില്‍ നിന്നും ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് ഓട്ടമാരംഭിക്കും

ശിവാലയ ഓട്ടത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ വ്രതാനുഷ്ഠാനം ഇന്ന് ആരംഭിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള ഭക്ത്യാദരവും ആത്മനിര്‍വൃതിയുമായി തമിഴ്നാട്ടിലെ 12 സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠകള്‍ ദര്‍ശിക്കാനുള്ള ശിവാലയ ഓട്ടത്തിന് ബുധനാഴ്ച ഉച്ചയോടെ തുടക്കമാകും.
ദര്‍ശന ക്രമത്തിലെ ആദ്യ ക്ഷേത്രമായ മുഞ്ചിറ തിരുമല മഹാദേവ ക്ഷേത്രത്തില്‍ നിന്നും ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് ഓട്ടമാരംഭിക്കും. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാംകോട്, തിരുവിടൈക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയങ്ങള്‍.
ഓട്ടത്തിന് മൂന്ന് ദിവസം മുമ്പുള്ള നവമി ദിനത്തില്‍ വ്രതാനുഷ്ഠാനം തുടങ്ങി നാലാം ദിവസമായ ദ്വാദശിയില്‍ ഓട്ടവും ത്രയോദശിയില്‍ ദര്‍ശനവും എന്നതാണ് പാരമ്പര്യ രീതി.120 കിലോമീറ്ററോളം ദൂരത്തുള്ള 12 ക്ഷേത്രങ്ങളിലും കാല്‍നടയായി പോകുന്ന ഭക്തര്‍, കാവി വസ്ത്രമണിഞ്ഞ് ഭസ്മസഞ്ചിയുമേന്തിയാണ് ഓടുന്നത്.
ഒരു രാത്രിയും ഒരു പകലും കൊണ്ട് ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകും. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള വീഥികള്‍ 'ഗോവിന്ദാ, ഗോപാലാ'മന്ത്രങ്ങളാല്‍ മുഖരിതമായിരിക്കും.
ദര്‍ശനപാതയില്‍ എല്ലായിടങ്ങളിലും ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വിവിധ സംഘടനകളും നാട്ടുകാരും ഒരുക്കിയിട്ടുണ്ട്.പാരമ്പര്യ രീതിയിലെ ഓട്ടക്കാര്‍ക്ക് പുറമെ സ്വകാര്യ വാഹനങ്ങളിലും ദര്‍ശനത്തിന് നിരവധി പേര്‍ എത്താറുണ്ട്.
തീര്‍ത്ഥാടകരില്‍ 90 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. തെക്കന്‍ തിരുവിതാംകൂറുമായി ബന്ധപ്പെട്ടതാണ് ശിവാലയ ഓട്ടത്തിന്റെ ചരിത്രപരമായ ഐതിഹ്യം.
"
https://www.facebook.com/Malayalivartha


























