ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്;വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചു
കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്‍റെ സുപ്രധാന നടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ച് ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെയാണ് പുറത്തു വന്നത് . മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത് . പ്രാഥമികമായ അന്വേഷണത്തിൽ ഇ.ഡി.യുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.
കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിൻ്റെ മേധാവികൾകളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ. ഡി. സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജൻസി തയ്യാറെടുക്കുന്നത്. കെ- ഫോൺ, ലൈഫ്മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു.ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്? ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരും? വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുത്. അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























