ഇനിയെന്തും സംഭവിക്കാം... കേരളത്തില്‍ പ്രചരണത്തിനിറങ്ങുന്ന അമിത് ഷാ സ്ഥാനാര്‍ത്ഥികളെ ചോദിച്ചാല്‍ തീര്‍ന്നു; കണ്ണൂര്‍ ചുവപ്പ് കോട്ടയായ തലശേരിയില്‍ കാവിക്കൊടി പാറിക്കാന്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയെ കാട്ടാനാകാതെ ബിജെപി; പറഞ്ഞ് നില്‍ക്കാന്‍ കാരണമില്ലാതെ സുരേന്ദ്രന്‍

ബിജെപിയെ സംബന്ധിച്ച് ഇതിലും വലിയ പുലിവാല്‍ പിടിക്കാനില്ല. അല്ലെങ്കില്‍ നോക്കണേ അമിത് ഷാ വരുന്ന സ്ഥലത്ത് തന്നെ സ്ഥാനാര്‍ത്ഥിയില്ലാതായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയില്‍ ഈ മാസം 25ന് പ്രചാരണത്തിനെത്താനിരിക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. ഇതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലായി. പത്രികയില്‍ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസാണ് തലശേരിയിലെ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദര്‍ശനം ഒഴിവാക്കും.
സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാല്‍ ഗുരുവായൂരിലെ സ്ഥാനാര്‍ഥിയായ മഹിളാമോര്‍ച്ച അധ്യക്ഷ നിവേദിതയുടെ പത്രികയും തള്ളി. ഒപ്പിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലും വിവാദം പുകയുകയാണ്. ചിലയിടങ്ങളില്‍ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്നും, സമയം അവസാനിക്കുന്നതിനു മുന്‍പ് പകരം കത്തു നല്‍കാന്‍ കഴിയാത്തതെന്തെന്നും ചോദ്യമുയരുന്നു.
ക്ലറിക്കല്‍ പിഴവാണെന്നാണ് ചില നേതാക്കള്‍ വിശദീകരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ഥികളും ഇതേ ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ അവരുടെ പത്രികയും സ്വീകരിച്ചില്ല. പത്രികകളുടെ സൂക്ഷ്മപരിശോധന മറ്റന്നാള്‍ അവസാനിക്കും.
കണ്ണൂരില്‍ ബിജെപിക്കു വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ.ശ്രീജന് 22125 വോട്ടാണ് ലഭിച്ചത്. സിറ്റിങ് എംഎല്‍എ എ.എന്‍. ഷംസീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനുവേണ്ടി കെ.പി. അരവിന്ദാക്ഷന്‍ മത്സരിക്കുന്നു.
ഗുരുവായൂരില്‍ കഴിഞ്ഞ തവണയും മത്സരിച്ചത് നിവേദിതയായിരുന്നു. 25490 വോട്ടുകള്‍ ലഭിച്ചു. ഗുരുവായൂരില്‍ എന്‍.കെ. അക്ബറാണ് സിപിഎം സ്ഥാനാര്‍ഥി. മുസ്‌ലിം ലീഗിനു വേണ്ടി കെ.എന്‍.എ. ഖാദര്‍ മത്സരിക്കുന്നു. സിപിഎമ്മിലെ കെ.വി. അബ്ദുള്‍ ഖാദറാണ് സീറ്റിങ് എംഎല്‍എ.
അതേസേമയം എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും. എന്‍ഡിഎക്ക് മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.
സൂക്ഷ്മപരിശോധനയില്‍ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയിരുന്നു. പത്രികയിലെ അപാകതകളാണ് തളളാന്‍ കാരണം. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം, ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി എസ്.ഗണേശനെ പിന്തുണയ്ക്കാനാണ് എന്‍ഡിഎ തീരുമാനം.
2016 ല്‍ 22,125 വോട്ടു നേടിയ തലശേരിയിലും 25,490 വോട്ടുനേടിയ ഗുരുവായൂരിലുമാണ് ബി.ജെ.പിക്ക് ഇത്തവണ സ്ഥാനാര്‍ഥയില്ലാതായത്. 2016ല്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായി 11,613 വോട്ടുനേടിയ ധനലക്ഷ്മി ഇത്തവണ എന്‍ഡിഎയ്ക്കുവേണ്ടിയാണ് മല്‍സരത്തിനിറങ്ങിയത്.
സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിച്ചുകൊണ്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പോടു കൂടി നല്‍കേണ്ട ഫോം എ കൃത്യമായി സമര്‍പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരിയില്‍ വരണാധികാരിയുടെ നടപടി. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റുകൂടിയാണ് സ്ഥാനാര്‍ഥി എന്‍.ഹരിദാസ്.
വരണാധികാരി വിവേചനാധികാരം ദുരുപയോഗം ചെയ്‌തെന്ന് എന്‍.ഹരിദാസ് ആരോപിച്ചു. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷയായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയില്‍ സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തളളാന്‍ കാരണം. എന്തായാലും സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനെ ചൊല്ലിയും വലിയ തര്‍ക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
https://www.facebook.com/Malayalivartha

























