ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്തെത്തിയത് ബി ജെ പിക്ക് വേണ്ടിയെന്ന് സൂചന

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്തെത്തിയത് ബി ജെ പിക്ക് വേണ്ടിയെന്ന് സൂചന. യു ഡി എഫിന്റെ ശക്തി ക്ഷയിച്ചെന്ന് മനസിലാക്കിയ ജി. സുകുമാരന്‍ നായര്‍ ബി ജെ പിയെ പരസ്യമായി പിന്തുണക്കാന്‍ തീരുമാനിച്ചതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാമജപ ഘോഷയാത്ര.
എന്‍ എസ് എസിനെതിരെ കാനം രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ശബരിമല വിവാദ കാലത്ത് സുപ്രസിദ്ധിയാര്‍ജിച്ച നാമജപ ലോഷയാത്ര എന്‍ എസ് എസ് വീണ്ടും തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.
ശബരിമല വിഷയത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വിവാദം തുടരുകയാണെങ്കില്‍ നാമജപ ഘോഷയാത്ര തുടര്‍ന്നും നടത്താനാണ് ജി. സുകുമാരന്‍ നായരുടെ തീരുമാനം. മുഖ്യമന്ത്രിയാകട്ടെ ശബരി മലയെ വെറുതെ വിടാന്‍ ഒരുക്കവുമല്ല.
ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തള്ളി പറഞ്ഞതും കാനത്തെ അനുകൂലിച്ചതും. കാനമാകട്ടെ എന്‍ എസ് എസിനെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
എന്‍ എസ് എസിലെ എല്ലാവര്‍ക്കും തങ്ങളോട് വിയോജിപ്പില്ലെന്ന ഒരു മുന വച്ച ഉത്തരമാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത് ജി. സുകുമാരന്‍ നായരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒളിയമ്പായിരുന്നു. എന്‍ എസ് എസില്‍ സുകുമാരന്‍ നായര്‍ മാത്രമാണ് മുഖ്യമന്ത്രിയെ എക്കാലവും വിമര്‍ശിച്ചിട്ടുള്ളത്.
ഇടതു മുന്നണി നേതാവായ ആര്‍ ബാലകൃഷ്ണപിള്ള എന്‍ എസ് എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാണ്. കെ. ബി. ഗണേഷ് കുമാറും എന്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനാണ്. എന്‍ എസ് എസിന്റെ മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗം കലഞ്ഞൂര്‍ മധുവിന്റെ സഹോദരന്‍ കെ എന്‍ . ബാലഗോപാല്‍ സി പി എം നേതാവാണ്. ഇതെല്ലാം വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്‍ എസ് എസില്‍ എല്ലാവരും എതിരല്ല എന്ന ഒറ്റവരിക്ക് ഒരു പാട് അര്‍ത്ഥങ്ങളുണ്ട്.
കാനത്തിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ചുവെന്ന് ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
വിശ്വാസികള്‍ക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്നും എന്‍എസ്എസ് പറയുന്നു. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്ക് സത്യസന്ധമായ നിലപാടില്ല.
മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടി ആടുകയായിരുന്നുവെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വാശിയായിരുന്നു. കടകംപള്ളി പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ല. മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തി കൊടുക്കുമോ എന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ചോദിക്കുന്നു.
എന്‍എസ്എസുമായി എല്‍ഡിഎഫിന് പ്രത്യേകമായ അകല്‍ച്ചയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് എന്‍എസ്എസിന്റെ പ്രസ്താവന. എന്‍എസ്എസ് മൊത്തത്തില്‍ ഇടതുപക്ഷത്തിന് എതിരാണെന്ന് പറയാനാവില്ലെന്നാണ് പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇതാണ് ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്.
ശബരിമല വിഷയത്തില്‍ എന്‍ എസ് എസിനൊപ്പം നിന്നത് ബിജെപിയാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അതിന്റെ ഗുണഭോക്താവായത് കോണ്‍ഗ്രസാണ്. അക്കാര്യം സുകുമാരന്‍ നായര്‍ക്ക് അറിയാം. അതു കൊണ്ടു തന്നെ ഇത്തവണ തന്റെ ലക്ഷ്യം തെറ്റരുതെന്ന് സുകുമാരന്‍ നായര്‍ക്ക് ഉറപ്പുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് 7 ലക്ഷം രൂപ നല്‍കിയത് വാര്‍ത്തയായിരുന്നു.
അതീവ രഹസ്യമായി സുകുമാരന്‍ നായര്‍ നല്‍കിയ ലക്ഷങ്ങളുടെ വിവരങ്ങള്‍ സുകുമാരന്‍ നായര്‍ തന്നെയാണ് പുറത്തു വിട്ടത്. അത് ബി ജെ പിക്ക് അദ്ദേഹം വിരിച്ച റെഡ് കാര്‍പ്പറ്റായിരുന്നു. താന്‍ ആര്‍ എസ് എസിന് ഒപ്പമാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം.
കുമ്മനം മത്സരിക്കുന്ന നേമത്തും എന്‍ എസ് എസിന്റെ പിന്തുണ ബിജെപിക്കാണ്. കെ. മുരളീധരനും ഇക്കാര്യം അറിയാം.
അതു കൊണ്ടാണ് അദ്ദേഹം നേമത്തെ ന്യൂനപക്ഷ മേഖല കേന്ദ്രീകരിച്ച് തന്റെ പ്രവര്‍ത്തനം തുടരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇക്കാര്യം അറിയാം. എന്‍ എസ് എസിന് മുന്നോട്ടുള്ള വഴി വ്യക്തമാണ്. അത് വരും ദിവസങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha

























