ഒന്നൊന്നര നീക്കവുമായി ശോഭ... കഴക്കൂട്ടത്തെ മത്സരം അയ്യപ്പ സ്വാമിയുടെ നിയോഗമെന്ന് ശോഭ സുരേന്ദ്രന്‍; ഭക്തരോട് കരുണ കാട്ടാത്ത ഈ മന്ത്രിക്കെതിരെ എത്രയോ പ്രസംഗങ്ങളില്‍ അതിശക്തമായി സംസാരിച്ചിട്ടുണ്ട്; അദ്ദേഹത്തോടൊപ്പം ഒരു തെരഞ്ഞെടുപ്പ് ഫൈറ്റില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ഇറങ്ങിയതോടെ പ്രവചനങ്ങള്‍ മാറി മറിയുകയാണ്. ശോഭ ഉണ്ടാക്കിയ തരംഗം അവസാനം വരെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ഒരാള്‍ക്കെതിരെ മത്സരിക്കാന്‍ കഴിഞ്ഞത് തന്നെ ചരിത്ര നിയോഗമാണെന്നാണ് കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ഇത് അയ്യപ്പ സ്വാമിയുടെ നിയോഗമായിരിക്കാം. കടകംപളളിക്കെതിരെ താന്‍ മത്സരിക്കണമെന്നത് ബി ജെ പിയുടെ ദേശീയ സംസ്ഥാന നേതാക്കളുടെ ആഗ്രഹമായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബി ജെ പിയുടെ വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണുള്ളത്. കഴക്കൂട്ടത്ത് വോട്ട് ഇരട്ടിയാകുമ്പോള്‍ തന്നെ എണ്‍പതിനായിരം കഴിയും. വിജയത്തില്‍ കുറഞ്ഞതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നെ കഴക്കൂട്ടത്തുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല.
തൊട്ടടുത്ത പാര്‍ലമെന്റ് മണ്ഡലമായ ആറ്റിങ്ങലില്‍ നല്ല മത്സരം കാഴ്ചവച്ച ഒരാളാണ് ഞാന്‍. കേരള നിയമസഭയില്‍ ഞാന്‍ ഉള്‍പ്പടെയുളളവരുടെ ശബ്ദം കേള്‍ക്കണമെന്ന് അതിതീവ്രമായി കേരളത്തിലെ അമ്മമാര്‍ ചിന്തിക്കുന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ വന്നിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം. വോട്ടര്‍മാര്‍ എന്നെ സ്വീകരിക്കുന്നത് പല സമരങ്ങളിലും നേതൃത്വം കൊടുത്ത ഒരാള്‍ എന്ന നിലയിലാണ്. ഞാന്‍ ഉള്‍പ്പടെയുളള വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ഒരാളുമായി മത്സരിക്കാന്‍ ഇറങ്ങാന്‍ കഴിഞ്ഞത് തന്നെ ചരിത്ര നിയോഗമായാണ് കാണുന്നത്.
ഇത് അയ്യപ്പ സ്വാമിയുടെ ഒരു നിയോഗമായിരിക്കാം. ശബരിമല സമരവുമായി ബന്ധപ്പെട്ട് ഒരു അര്‍ദ്ധരാത്രി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ വീട്ടുപടിക്കല്‍ ഞങ്ങള്‍ കുറച്ച് അമ്മമാര്‍ സമരം നടത്തിയിരുന്നു.
അവിടെ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഭക്തരോട് കരുണ കാട്ടാത്ത ഈ മന്ത്രിക്കെതിരെ എത്രയോ പ്രസംഗങ്ങളില്‍ ഞാന്‍ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു തിരഞ്ഞെടുപ്പ് ഫൈറ്റില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
2004ല്‍ കെ മുരളീധരനുമായിട്ടായിരുന്നു എന്റെ ആദ്യത്തെ പോരാട്ടം. മാറാടിന്റെ മറുപടി ബാലറ്റിലൂടെ എന്നായിരുന്നു അന്ന് ഞങ്ങള്‍ ഉയര്‍ത്തിപിടിച്ച മുദ്രാവാക്യം. അന്നു മുതല്‍ കേരളത്തിന്റെ മനസാക്ഷിക്കൊപ്പം നില്‍ക്കുന്ന ഒരാളാണ് ഞാന്‍.
വീടിനകത്ത് ഇരുന്നാല്‍ പോലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് കേരളത്തിലുളളവര്‍ക്ക് അറിയാം. ഇത് എന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പാണ്. എട്ടിന് ഒരു പ്രത്യേകത ഉണ്ടെന്നാണ് കരുതുന്നത്. ജനങ്ങളുടെ സ്പന്ദനം മനസിലാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന് ഡോ ലാലിന് മനസിലായിട്ടില്ല. ജനങ്ങള്‍ക്ക് ബോദ്ധ്യം വന്നിട്ടുളളവരെ അവര്‍ നെഞ്ചോട് ചേര്‍ക്കും. അതാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം.
എത്രയോ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരാളെന്ന നിലയില്‍ ഇത്തവണ മാറി നില്‍ക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. മെട്രോമാന്‍ ഇ ശ്രീധരനെയടക്കം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കരുക്കള്‍ നീക്കുന്നതിന് ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍.
പുതുമുഖങ്ങളായി വന്നവരെ ഉള്‍പ്പടെ നിയമസഭയിലെത്തിക്കാന്‍ അവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാള്‍ വേണം. ആ സാഹചര്യം കൂടി പരിഗണിച്ചാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ദേശീയസംസ്ഥാന നേതൃത്വങ്ങളുടെ ആഗ്രഹം കടകംപളളിക്കെതിരെ ഞാന്‍ മത്സരിക്കണമെന്നായിരുന്നു. അതിനെ ഹൃദയപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ്.
കേരള രാഷ്ട്രീയം മാറുകയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണ്. ഇല്ലാതാകുന്ന കോണ്‍ഗ്രസിനെ ലീഗിന് എങ്ങനെ ചേര്‍ത്തുപിടിക്കാനാകും.
ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക എന്നതാണ്. ഒന്നര ശതമാനം വോട്ടില്‍ നിന്നാണ് തൃപുരയില്‍ മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ സാധിച്ചത്. കേരളത്തില്‍ ഇടത്തോട്ടും വലത്തോട്ടും മാത്രം ജനങ്ങള്‍ ചിന്തിച്ചാല്‍ പോരാ.1956 മുതല്‍ കേരളത്തില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. വിഷയങ്ങള്‍ വിഷയങ്ങള്‍ക്ക് അനുസരിച്ച് കേരള നിയമസഭയില്‍ അഡ്രസ് ചെയ്യപ്പെടണമെന്നും ശോഭ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























