ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു

തലസ്ഥാന നഗരത്തിന്റെ പിതാവായി ചുമതലയേറ്റ ബിജെപി നേതാവ് വിവി രാജേഷ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു. കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ഒപ്പുവച്ചത് വയോമിത്രം പദ്ധതിയിലാണ്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വി.വി രാജേഷ് ഒപ്പിട്ടത്. കഴിഞ്ഞ കൗണ്‍സില്‍ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ആദ്യഗഡുവായാണ് 50 ലക്ഷം രൂപ അനുവദിച്ചത്.
ഇന്ന് രാവിലെ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിക്കൊണ്ടാണ് വി.വി രാജേഷ് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് നടന്ന 100ല്‍ 50 വാര്‍ഡുകളില്‍ വിജയിച്ചാണ് ബിജെപി തലസ്ഥാന നഗരം പിടിച്ചെടുത്തത്. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയും ചേര്‍ത്ത് 51 വോട്ടുകളാണ് വി.വി രാജേഷിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍പി ശിവജിക്ക് 29 വോട്ടുകള്‍ കിട്ടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.
ജി.എസ്. ആശാ നാഥാണ് ഡെപ്യൂട്ടി മേയര്‍. അതേസമയം, തലസ്ഥാനത്ത് മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം ചരിത്ര വിജയം ആഘോഷിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പായസവും മധുരവിതരണവും സംഘടിപ്പിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തി 101 വാര്‍ഡുകളുടേയും സമഗ്രമായ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മേയര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























