ഓരോ വോട്ടും പ്രധാനം... 2016 തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ 89 വോട്ടിന് തോല്‍പ്പിച്ചവരില്‍ പ്രധാനിയായിരുന്ന സുന്ദരയുടെ മനസ് മാറി; സുന്ദരയെ കാണാനില്ലെന്ന പരാതിയുമായി ഓടി നടക്കവേ ഒന്നൊന്നര വെളിപ്പെടുത്തലുമായി സുന്ദര തന്നെ രംഗത്തെത്തി

കെ. സുരേന്ദ്രനെ സംബന്ധിച്ച് ഓരോ വോട്ടും പ്രധാനമാണ്. മനോരമ സര്‍വേയില്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വിജയം പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വോട്ട് മറിക്കുമോ എന്ന ആശങ്കയുണ്ട്. അതുണ്ടാകാതിരിക്കാന്‍ ഓരോ വോട്ടും ചോരാതെ സൂക്ഷിക്കേണ്ടതുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപരനായി മത്സരിച്ചു മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര ഇനി താമര വിരിയിക്കാന്‍ വോട്ടു തേടും. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ.സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. ഇന്നു 11 മുതല്‍ 3 വരെയാണു പത്രിക പിന്‍വലിക്കാനുള്ള സമയം.
2016 തിരഞ്ഞെടുപ്പില്‍ കെ.സുന്ദര നേടിയ 467 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 89 വോട്ടിനു പരാജയപ്പെടാന്‍ കാരണമായിരുന്നു.
ഇതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്നു ബിഎസ്പി നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സുന്ദരയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുന്ദര പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കള്‍ കണ്ടെന്നും അവര്‍ പറഞ്ഞതിനാല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്നും സുന്ദര പറഞ്ഞു.
എണ്‍പത്തൊന്‍പത് വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും കെ സുരേന്ദ്രന്‍ മത്സരിക്കാനെത്തുമ്പോള്‍ എതിരാളിയായി ഇത്തവണയും കെ സുന്ദരയുണ്ടായിരുന്നു. സുരേന്ദ്രന് തലനാരിഴക്ക് നഷ്ടമായ മത്സരത്തില്‍ സുന്ദര നേടിയ വോട്ട് നിര്‍ണ്ണായകമായിരുന്നു.
2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദര നേടിയ 467 വോട്ടുകള്‍ മഞ്ചേശ്വരത്ത് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഐസ്‌ക്രീം ചിഹ്നത്തില്‍ സുന്ദരം പിടിച്ച വോട്ടുകളാണ് കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന്റെ പരാജയത്തിലേക്ക് വഴിവെച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് വിലയിരുത്തല്‍.
ഒന്നര വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. കഴിഞ്ഞതവണ കാര്യമായ പ്രചാരണത്തിനൊന്നും ഇറങ്ങാതെയാണ് ഇത്രയും വോട്ട് പിടിച്ചതെങ്കില്‍ ഇത്തവണ നന്നായി പ്രചാരണം നടത്തി വോട്ടുപിടിക്കാനാണ് സുന്ദരയുടെ ശ്രമം. അതാണ് ബിജെപി പൊളിച്ചത്.
മഞ്ചേശ്വരത്ത് ബി.ജെ.പി മുന്നേറ്റത്തിന് സാദ്ധ്യത പ്രവചിച്ചാണ് മനോരമ ന്യൂസ്‌വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നത്. സര്‍വേ പ്രകാരം മണ്ഡലത്തില്‍ എന്‍.ഡി.എ വിജയം ഉറപ്പിക്കുന്നുവെന്ന സാദ്ധ്യതയാണ് തെളിഞ്ഞത്.
യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോദാത്തമായ സമരം നയിച്ച സുരേന്ദ്രന് ഒരു പ്രതിബന്ധമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ്. നല്ലത്. അതോടെ ബിജെപിയുടെ കണ്ണിലുണ്ണിലായി മാറി ഈ സുന്ദരന്‍.
https://www.facebook.com/Malayalivartha

























