എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു; എന്റെ നാടായ ഈരാറ്റുപേട്ടയിലെ പ്രചരണം ഞാന്‍ അവസാനിപ്പിക്കുകയാണ്; ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്;ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്; നിർണ്ണയാക തീരുമാനവുമായി പി സി ജോര്‍ജ്ജ്

തന്റെ നാടായ ഈരാറ്റുപേട്ടയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് തുറന്നു പറഞ്ഞ് പി സി ജോര്‍ജ്ജ് . ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും ജനിച്ച് വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് പി സി ജോര്‍ജ്.
പി സി ജോര്‍ജ്ജിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ :
എന്റെ നാടായ ഈരാറ്റുപേട്ടയിലെ പ്രചരണം ഞാന്‍ അവസാനിപ്പിക്കുകയാണ്. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.
ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗീയ ലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാന്‍ എനിക്കാകില്ല.
എന്നെ അറിയുന്ന, എന്നെ സ്നേഹിക്കുന്ന ഈ വര്‍ഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭീഷണികള്‍ മൂലം സാധിക്കുന്നില്ല.
എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ ഞാന്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ എന്റെ പ്രചരണ പരിപാടികള്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്.
ഞാന്‍ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വര്‍ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോധ്യമെനിക്കുണ്ട്.
എന്ന് നിങ്ങളുടെ സ്വന്തം
പി സി ജോര്‍ജ്
തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ നടന്നത്. അവിടെ നിന്നവർ കൂവിയിരുന്നു. അവരോടു രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ വോട്ട് ചോദിച്ചെത്തിയ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂകിവിളിച്ചപ്പോള്‍ ,തിരിച്ച് പിസിയും ചീത്ത പറഞ്ഞു.
സൗകര്യം ഉണ്ടെങ്കില്‍ നീയൊക്കെ വോട്ടു ചെയ്താല്‍ മതിയെന്ന് പറഞ്ഞു ജനത്തെ വെല്ലുവിളിച്ചു . ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് ആരാ പറഞ്ഞേ? ഒടനെ കൂവും. നിന്നെയൊക്കെ. നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാല്‍ ഞാന്‍ എംഎല്‍എയാണെന്ന് നീ ഓര്‍ത്തോ.
നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാന്‍ എംഎല്‍എയായി ഇവിടെ വരും. അപ്പൊ നീ കൂവണം. രണ്ടാം തീയതി… മനസിലായില്ലേ? അതോണ്ട് അങ്ങനെ പേടിപ്പിക്കരുത്. കൂവിയോടിച്ചാല്‍ ഓടുന്ന ഏഭ്യനല്ലെടാ ഞാന്‍. നീയൊക്കെ മനസിലാക്കാന്‍ വേണ്ടി പറയുകയാ.
ഏപ്രില്‍ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവന് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. മനസിലായല്ലോ?
അഞ്ചാം മെമ്ബറാ…അതുകൊണ്ട് വോട്ടുചെയ്യണം. നിന്നെയൊക്കെ ഇങ്ങനെയാ കാര്‍ന്നോമ്മാര് പഠിപ്പിച്ച് വിടുന്നതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്. സ്വല്‍പ്പം കൂടെ മാന്യത പഠിപ്പിച്ച് വിടുമെന്നാ ഞാന്‍ ഓര്‍ത്തത്. കാര്‍ന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനുവേണ്ടി ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യാം.
നിന്നെയൊക്കെ നന്നാവാന്‍ വേണ്ടി. വേറൊന്നും പറയുന്നില്ല. മനസിലായോ? ഇങ്ങനെയായിരുന്നു പിസി ജോർജ്ജ് പറഞ്ഞത്.
https://www.facebook.com/Malayalivartha























