അന്തിപ്പൂമാനം, അനുരാഗിണി, ആകാശമാകെ, ആടിവാകാറ്റേ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലെ കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഒരു പിടി നല്ല ഗാനങ്ങൾ ; മലയാളികളെ ആസ്വാദനത്തിന്റെ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപ്പോയ ജോൺസൺ മാസ്റ്ററിന് ഇന്ന് ജന്മദിനം

അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലെ, സ്വപ്നം വെറുമൊരു സ്വപ്നം ഇങ്ങനെ തുടങ്ങി മലയാളിക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാസ്റ്ററിന്റെ ജന്മദിനമാണിന്ന്. അദ്ദേഹം ഓർമയായിട്ട് വര്‍ഷം പത്ത് കഴിഞ്ഞു .
മലയാള സിനിമയുടെ ദേവസംഗീതം ജി ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്ക് സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ് അദ്ദേഹം .ഭരതന്റെ ആരവം എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു ജോൺസന്റെ സിനിമ ലോകത്തിലേക്കുള്ള പ്രവേശിച്ചത്.
ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ജോൺസൺ മാസ്റ്ററുടെ പ്രതിഭ പുറത്ത് വരികയായിരുന്നു.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പർഹിറ്റുകളാക്കി മാറ്റിയതിൽ ജോൺസൺ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല.
പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരുപാട് നല്ല പാട്ടുകൾ ആയിരുന്നു . കൂടെവിടെ എന്ന ചിത്രം മുതൽ പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോൺസൺ 17 പത്മരാജൻ ചിത്രങ്ങൾക്കാണ് സംഗീതം പകർന്നിരിക്കുന്നത്.
മുന്നൂറിൽ അധികം മലയാള ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് . നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്കാരം നേടുന്ന ഏക മലയാളിയാണ് ജോൺസൺ.
കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും, മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ട് തവണയും നേടി.
തൊണ്ണൂറുകൾക്കു ശേഷം സംഗീത ലോകത്ത് നിന്ന് വിട്ടു നിന്ന മാസ്റ്റർ 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി . തുടർന്ന് ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്കു അദ്ദേഹം സംഗീതം നിർവ്വഹിച്ചു.
2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടർന്ന് 58ാം വയസ്സിൽ ജോൺസൺ മാസ്റ്റർ ഓർമ്മയായി. തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 ന് ജോൺസൺ ജനിച്ചത്.
നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചു.
1968ൽ ജോൺസണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പിലെ കണ്ടക്ടറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് ശേഷം മദ്രാസിൽ എത്തിയ ജോൺസൻ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോൺസൺ ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്.
https://www.facebook.com/Malayalivartha


























