കേരളത്തില്‍ ഒരേ സ്ഥാനാര്‍ഥി രണ്ടിടത്ത് അങ്കം നടക്കുന്നത് 39 വര്‍ഷത്തിന് ശേഷം... അന്ന് കെ.കരുണാകരന്‍, ഇന്ന് കെ.സുരേന്ദ്രന്‍, ലക്ഷ്യം 89 തന്നെ....

കേരളത്തില്‍ ഒരേ സ്ഥാനാര്‍ഥി രണ്ടിടത്ത് അങ്കം നടക്കുന്നത് 39 വര്‍ഷത്തിന് ശേഷം. അന്ന് കെ.കരുണാകരന്‍, ഇന്ന് കെ.സുരേന്ദ്രന്‍, ലക്ഷ്യം 89 തന്നെ....
1982-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിന്റെ അമരത്ത് ലീഡര്‍ കെ.കരുണാകരന്‍. ഏത് വിധേനയും അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇടതുപക്ഷം. ഒടുവില്‍ അണികളുടെ നിര്‍ബന്ധം കണക്കിലെടുത്ത് കരുണാകരന്‍ ഒരു തീരുമാനത്തിലെത്തി. താന്‍ നേമം, മാള എന്നീ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. പത്രക്കാര്‍ക്ക് മുന്നിലെത്തി ഇക്കാര്യം വിശദീകരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. മാള എന്റെ ഭാര്യയാണ്. ഉടന്‍ തന്നെ പത്രക്കാരില്‍ നിന്ന് അടുത്ത ചോദ്യമെത്തി, അപ്പോള്‍ നേമം...? അതിനും ഉണ്ടായിരുന്നു അദ്ദേഹത്തിന് മറുപടി.
39 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മണ്ഡലത്തില്‍ രണ്ട് സ്ഥാനാര്‍ഥി എന്ന ചരിത്രം ആവര്‍ത്തിക്കുന്നു . അന്ന് കേരളത്തിന്റെ ലീഡറിന്റെ സ്ഥാനത്ത് ഇന്ന് മത്സരത്തിനെത്തുന്നത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രനാണ്.
89 വോട്ടിന് മാത്രം സുരേന്ദ്രന് കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലമായ മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് മൂന്നാം തവണയാണ് സുരേന്ദ്രന്‍ ജനവിധി തേടുന്നത്. അതുപോലെ രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് കോന്നിയിലും അദ്ദേഹം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.
രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം കരുണാകരന് അഭിമാനത്തിന്റെ പ്രശ്നമായിരുന്നെങ്കില്‍, സുരേന്ദ്രനെ സംബന്ധിച്ച് ഇത് ഒരു ഭാഗ്യപരീക്ഷണമാണെന്ന് വേണെമെങ്കില്‍ പറയാം. മൂന്ന് തവണകളായുള്ള മത്സരത്തിലൂടെ മഞ്ചേശ്വരം എന്ന മണ്ഡലം അദ്ദേഹത്തിന് അനുകൂലമാക്കാന്‍ സാധിച്ചെന്ന ആത്മവിശ്വാസം സുരേന്ദ്രനുണ്ട്.
2011-ലെ തിരഞ്ഞെടുപ്പില്‍ 5828 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പി.ബി. അബ്ദുള്‍ റസാഖിനോട് തോറ്റത്. എന്നാല്‍, 2016-ല്‍ അത് കേവലം 89 വോട്ടുകളായി കുറയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത്തവണ വിജയത്തില്‍ കുറഞ്ഞ് ഒന്നും അദ്ദേഹം ലക്ഷ്യമിടുന്നില്ല.
അതേസമയം, എന്തുകൊണ്ട് കോന്നി എന്ന ചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുഖ്യതിരഞ്ഞെടുപ്പ് വിഷയമായ ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് കോന്നി. വിശ്വാസികളുടെ വികാരം വോട്ടായി മാറ്റിയാല്‍ ഈ മണ്ഡലത്തിലും വിജയം ഉറപ്പാണെന്നാണ് സുരേന്ദ്രന്റെ വിശ്വാസം. അതേസമയം, ശബരിമല വിഷയം കത്തിനിന്ന സമയത്ത് പോലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് തിരച്ച് പിടിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം എല്‍.ഡി.എഫിനുമുണ്ട്.
സിറ്റിങ്ങ് എം.എല്‍.എല്‍. ജനീഷ് കുമാറാണ് ഇടത് സ്ഥാനാര്‍ഥി. ഐക്യജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കുക എന്നതിലുപരി കരുണാകരന്റെ പരാജയം ഉറപ്പാക്കുകയായിരുന്നു 1982-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിന് ഒരു കാരണവുമുണ്ട്. കേരള രാഷ്ട്രീയത്തില്‍ കരുണാകരന്റെ ഒത്ത എതിരാളിയായ ഇ.കെ. നയനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ താഴെയിറക്കാനുള്ള കരുക്കല്‍ നീക്കിയത് കരുണാകരനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തോല്‍വി രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ പ്രതികാരമായിരുന്നു ഇടത് പാളയത്തിന്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെ രണ്ട് മണ്ഡലത്തില്‍ മത്സരത്തിനിറക്കിയത്. 1982-ലെ തിരഞ്ഞെടുപ്പിലെ ക്ലൈമാക്സ് കരുണാകരന് അനുകൂലമായിരുന്നു.
മാളയിലും നേമത്തും അദ്ദേഹം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒടുവില്‍ ഭാര്യയായ മാള മണ്ഡലം നിലനിര്‍ത്തുകയും നേമം കൈവിടുകയുമായിരുന്നു. ഇതിനുപിന്നാലെ നേമത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. ഇനി അറിയാനുള്ളത് സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ക്ലൈമാക്സാണ്. രണ്ട് മണ്ഡലത്തിലും ഒരുപോലെ സാന്നിധ്യമാകാന്‍ ഹെല്കോപ്റ്ററില്‍ യാത്ര ചെയ്താണ് അദ്ദേഹത്തിന്റെ പ്രചാരണം.
ചിത്രം വ്യക്തമാകാന്‍ ഇനി ഏതാനും ദിവങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.
കരുണാകരന്‍ രണ്ടിടത്തും ജയിച്ചു. നാളിതുവരെ ജയം സ്വപ്നം മാത്രമായ സുരേന്ദ്രന്‍ കന്നി വിജയം നേടുമോ, അതിന് ഇരട്ടി മധുരമുണ്ടാകുമോ. കണ്ടറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
https://www.facebook.com/Malayalivartha


























