ബിജെപി ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍

സോഷ്യല്‍ മീഡിയയിലൂടെ തണ്ടൊടിഞ്ഞ താമരയെന്നും ഗുരുവായൂര്‍ ദേവപ്രശ്‌നത്തില്‍ ചീഞ്ഞളിഞ്ഞ താമരയെന്നും കളിയാക്കിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഗുരുവായൂരില്‍ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പ്രതിസന്ധിയിലായ ബിജെപി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നതോടെ ഗുരുവായൂരിലും ചിത്രം വ്യക്തം. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക ദേശീയ അധ്യക്ഷന്റെ ഒപ്പിന്റെ അഭാവത്തിലാണ് തള്ളിക്കളഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഒറ്റയടിക്ക് ബിജെപിയ്ക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്ലാതായി. ബിജെപി പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളിലാണ് തിരിച്ചടിയേറ്റിട്ടുള്ളതെന്നാണ് പാര്‍ട്ടിയെയും ആശങ്കയിലാക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്നാണ് ബിജെപി സ്വീകരിച്ച നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നും വൈകിട്ട് ഉണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി ദിലീപ് നായരെ പിന്തുണക്കുന്നതോടെ ഗുരുവായൂരില്‍ ത്രികോണ മത്സരമെന്നും മികച്ച വിജയം പാര്‍ട്ടിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ദിലീപ് നായരെ പിന്തുണക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 25590 വോട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ദിലീപ് നായരെ പിന്തുണയ്ക്കന്നതോടെ ഈ സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് ബിജെപി പുലര്‍ത്തുന്ന പ്രതീക്ഷ. ഇക്കാര്യം കെ സുരേന്ദ്രനും ചൂണ്ടിക്കാണിക്കുന്നു. ഗുരുവായൂരിനൊപ്പം തലശ്ശേരിയിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. കഴിഞ്ഞ തവണ എന്‍ഡിഎ നേടിയ സീറ്റുകളേക്കാള്‍ അധികം ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദിലീപ് നായരും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയാവുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എന്‍ഡിഎയുടെ സഖ്യകക്ഷിയാവാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലമാണ് അത് നടക്കാതിരുന്നതെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























