'പിണറായിയുടെ ഏകാധിപത്യം ഇനി വരണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ'- ചെന്നിത്തല, ഞാനാണ് രാഷ്ട്രം എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്,

പിണറായി വിജയന്റെ ഏകാധിപത്യം കേരളത്തില്‍ ഇനി തുടരണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞാനാണ് രാഷ്ട്രം എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും ധിക്കാരവും ആണ്. ഇത് ചൈനയോ കൊറിയയോ അല്ലായെന്നും ചെന്നിത്തല പറയുകയുണ്ടായി.
വ്യാജ വോട്ടര്‍പട്ടിക ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. വോട്ടര്‍ പട്ടിക സുതാര്യമല്ല. സി.പി.എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ എ.ഐ.സി.സി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുമെന്നും കള്ളവോട്ട് തടയലാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ഉറങ്ങുമ്പോൾ താന്‍ ഉണര്‍ന്നിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിഷയം ആളിക്കത്തുമ്പോൾ അടുത്ത വിഷയം വന്നു. മുഖ്യമന്ത്രി തന്നെ അപമാനിക്കുകയും സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിക്കുകയും ചെയ്തു. എന്നാല്‍, ഉന്നയിച്ച വിഷയങ്ങളെ ആദ്യം പ്രതിരോധിച്ച പിണറായി സര്‍ക്കാറിന് പിന്നീട് അതില്‍ നിന്ന് പിന്മാറേണ്ടി വന്നു. സര്‍ക്കാറിന്റെ അഴിമതിയും കൊള്ളയും കണ്ടാല്‍ മിണ്ടാതിരിക്കാനാവില്ല. പണം കൊടുത്ത് ആളെവെച്ചാല്‍ കോണ്‍ഗ്രസിനും സൈബര്‍ ആക്രമണം നടത്താം. അത് കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ലീഗ് എന്നല്ല ഒരു കക്ഷിക്കും മുന്നണിയില്‍ അമിത പ്രാധാന്യമില്ല. പിണറായിക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമില്ല. യു.ഡി.എഫും താനും ഉന്നയിച്ച വിഷയങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്‍.എസ്.എസുമായി കോണ്‍ഗ്രസിന് അകല്‍ച്ചയില്ല. വറുതിക്ക് നില്‍ക്കാത്ത സമുദായങ്ങളെ പിണറായി അപമാനിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിന് പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. നേമത്ത് ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് ചെന്നിത്തല പറഞ്ഞു. നേമത്ത് യു.ഡി.എഫ് ജയിക്കും. കെ മുരളീധരന്‍ വിജയിച്ച് എം.എല്‍.എയായി വരും. മുരളീധരനെ അതിന് വേണ്ടി നിയോഗിച്ചതാണ്. അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. ജയിച്ചു വന്നാൽ മുരളിക്ക് അര്‍ഹമായ സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























