തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചരണ സ്റ്റണ്ടിന് പുറപ്പെട്ട് പിണറായി സർക്കാർ... കേന്ദ്ര ഏജൻസികൾക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണം നാടകമെന്ന് ചെന്നിത്തല...

കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകം മാത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു 'പ്രചരണ സ്റ്റണ്ട്' മാത്രമായി കണ്ടാൽ മതിയെന്നും ചെന്നിത്തല പരിഹസിച്ചു.
സ്വർണ്ണക്കടത്തു കേസിലും ഡോളർക്കടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ പ്രതികൾ കോടതി മുമ്പാകെ നൽകിയിട്ടുള്ളത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി. തിരഞ്ഞെടുപ്പിൽ അത് ചർച്ചയായപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമാണ് ജുഡീഷ്യൽ അന്വേഷണമെന്ന പ്രഹസനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്തും ഡോളർക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷൻ ഓഫ് ഇൻക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല.
തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണ് സർക്കാർ നടപടിയെന്നും ചെന്നിത്തല വിമർശിച്ചു. കേസിൽ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകയ്യും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതി സമക്ഷം നൽകിയ മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടിൽ കയറ്റാൻ ഉതകുന്നതാണ്.
ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജുഡീഷ്യൽ അന്വേഷണം കൊണ്ട് നേരിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാവുമെന്നും ചെന്നിത്തല പറഞ്ഞു.
ഗുരുതര സ്വഭാവമുള്ള മൊഴികളാണ് പ്രതികൾ നൽകിയിട്ടുള്ളതെന്ന് അന്വേഷണ ഏജൻസികൾ തന്നെ കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികൾ കയ്യിലുണ്ടായിരുന്നിട്ടും നേരാംവണ്ണം അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ.
ഇതെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു എന്ന് കണ്ടപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള പ്രഹസനം കാണിക്കൽ മാത്രമാണ് ഈ ജുഡീഷ്യൽ അന്വേഷണ തട്ടിപ്പ്. ഇതു കൊണ്ടെന്നും ഗുരുതമായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ നടത്തുന്നത് അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഒരു വിരമിച്ച ജഡ്ജിക്ക് കുറച്ചു കാലത്തേക്ക് പൊതുഗജനാവിൽ നിന്ന് ശമ്പളം നൽകുക എന്നതല്ലാതെ ഇതു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കേന്ദ്ര ഏജൻസികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
കിഫ്ബി ആസ്ഥാനത്തെ ഇ.ഡി റെയ്ഡ് ഊളത്തരമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനേയും മുരളീധരൻ വിമർശിച്ചു. ഐസക്കിന്റെ പദ പ്രയോഗങ്ങളിൽ അത്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയിൽ അവിടെയുള്ള ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി ഐസക്കിനുണ്ടെങ്കിൽ അദ്ദേഹത്തിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നാണ് സംശയിക്കേണ്ടത്.
തെറ്റ് ചെയ്തില്ലെങ്കിൽ ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും മുരളീധരൻ ചോദിച്ചു. കിഫ്ബിയിലെ ഇ.ഡി റെയ്ഡിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. അന്വഷണം അന്വേഷണത്തിന്റെ രീതിയിൽ നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























