കിറ്റും പെന്‍ഷനും നിന്നാല്‍ തീര്‍ന്നു... 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായുള്ള തീരുമാനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കിറ്റിനും അരിക്കും പെന്‍ഷനുമെതിരെ ആഞ്ഞടിച്ച ചെന്നിത്തലയ്ക്ക് പാരയായി അരി മാറുന്നു; അന്നം മുടക്കാന്‍ യുഡിഎഫ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയ അറ്റാക്ക് തുടങ്ങി; എന്ത് തരം മാനസികാവസ്ഥയാണിതെന്ന് പിണറായി

എന്ത് മുടക്കിയാലും അരിയും കിറ്റും പെന്‍ഷനും മുടക്കിയാല്‍ ഏത് കൊല കൊമ്പനായാലും മലയാളി പാവങ്ങള്‍ ക്ഷമിക്കില്ല. അത് മുതലാക്കി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെക്കെതിരെയും യുഡിഎഫിനെതിരേയും ശക്തമായ പ്രചരണമാണ് നടക്കുന്നത്.
ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ഇതോടെയാണ് സോഷ്യല്‍ മീഡിയ അറ്റാക്ക് തുടങ്ങിയത്. അന്നം മുടക്കി യുഡിഎഫ് എന്നും, നിങ്ങളറിഞ്ഞോ ഞാന്‍ കൊടുത്ത പരാതിയില്‍ പാവങ്ങള്‍ക്കുള്ള അരിവിതരണം നിര്‍ത്താന്‍ ഉത്തരവായി: ചെന്നിത്തല തുടങ്ങിയ ക്യാപ്ഷനോടെ വലിയ കാമ്പയിനാണ് നടക്കുന്നത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഫെബ്രുവരി നാലിനാണ് ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പെരുമാറ്റച്ചട്ടം വരും മുമ്പ് ഉത്തരവിറക്കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രതിപക്ഷ എതിര്‍പ്പ് മൂലമെന്ന് സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയും കുറ്റപ്പെടുത്തി.
എല്‍പി, യുപി സ്‌കൂള്‍ കുട്ടികള്‍ക്കു നേരത്തേ കൊടുക്കേണ്ട അരി തടഞ്ഞുവച്ച് ഇപ്പോള്‍ വിതരണം ചെയ്യുന്നതും വിഷുവിനു കൊടുക്കേണ്ട ഭക്ഷ്യക്കിറ്റ് ഏപ്രില്‍ 6ന് മുന്‍പ് കൊടുക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലെ പെന്‍ഷന്‍ ഒരുമിച്ച് ഏപ്രില്‍ 6ന് മുന്‍പ് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളതും തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
2020 സെപ്റ്റംബര്‍ മുതല്‍ കൊടുക്കേണ്ട അരിയാണിപ്പോള്‍ കൊടുക്കുന്നത്. ഓണത്തിനു കൃത്യസമയത്തു കിറ്റ് കൊടുത്തിട്ടില്ലെന്നിരിക്കെ വിഷുവിനുള്ള കിറ്റ് മുന്‍കൂട്ടി വിതരണം ചെയ്യുന്നത് ജനങ്ങളെ പറ്റിക്കാനാണ്. പെന്‍ഷന്‍ കൊടുക്കുന്നതിനും കിറ്റ് കൊടുക്കുന്നതിനും എതിരല്ലെങ്കിലും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതു ചെയ്യുന്നത് ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. എല്ലാ കക്ഷികള്‍ക്കും ഒരുപോലെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷു കിറ്റും ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുമ്പ് നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ഗണനേതര വിഭാഗങ്ങളുടെ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
അതേസമയം ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിക്കൊപ്പം നിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപം വിഷുക്കിറ്റും മെയ് മാസത്തിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആദ്യം നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്നാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു. ഇത് എന്ത് തരം മാനസികാവസ്ഥയാണെന്നും പിണറായി ചോദിച്ചു. എന്തായാലും അരിയ്ക്ക് പുറമേ കിറ്റും പെന്‍ഷനും കൂടി നിന്നാല്‍ അത് വലിയ വൈകാരിക പ്രശ്‌നമായി മാറും. യുഡിഎഫിന്റെ വലിയ വോട്ടുബാങ്ക് ചോര്‍ന്നു പോകും.
https://www.facebook.com/Malayalivartha


























