വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ 2 പ്രതികളടക്കം 3 പ്രതികളെ മാണിക്കൽ സജീവ് വധക്കേസിൽ ജില്ലാ കോടതി ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

വെഞ്ഞാറമൂട് മിഥിലാജ് - ഹഖ് ഇരട്ടക്കൊലപാതകക്കേസിലെ രണ്ടും മൂന്നും പ്രതികളടക്കം മൂന്നു പ്രതികളെ മാണിക്കൽ പിണറ്റുംകുഴി സജീവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിന തടവിനും 1,98, 000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു.
പിഴത്തുകയിൽ ഒന്നര ലക്ഷം രൂപ കൊല്ലപ്പെട്ട സജീവിൻ്റെ അവകാശികൾക്ക് നൽകണം. കൂടാതെ ആശ്രിതരുടെ ഭാവി നൻമക്കായി മതിയായ തുക വിക്റ്റിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നൽകാൻ ലീഗൽ സർവ്വീസ് അതോറിറ്റിയോടും ജഡ്ജി സി. ജെ. ഡെന്നി ഉത്തരവിട്ടു.
പ്രതികളായ ഉണ്ണിയെന്ന ബിജു , സനൽ എന്ന സനൽ സിംഗ് , മൂന്നാം പ്രതി അപ്പി മഹേഷ് എന്ന മഹേഷ് എന്നിവരെ ശിക്ഷയനുഭവിക്കാനായി കൺവിക്ഷൻ വാറണ്ട് പ്രകാരം പൂജപ്പുര സെന്ട്രൽ ജയിലിലേക്കയച്ചു.
2008 ജനുവരി 13 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. ഉണ്ണിയുടെയും സനലിൻ്റെയും ബന്ധുവായ ഒരു പെൺകുട്ടി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടി പോയത് സംബന്ധിച്ച് സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ കൊല്ലപ്പെട്ട സജീവിൻ്റെ സഹോദരനുമായി വാക്കുതർക്കമുണ്ടായി.
തുടർന്ന് പ്രതികൾ പകരം വീട്ടാനായി മാരകായുധങ്ങളുമായി സജീവിനെ കുടുംബത്തോടെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേന്ന് മരിച്ചു. സംഭവത്തിൽ സജീവിൻ്റെ പിതാവ് ശശി , സഹോദരൻ സനോജ് എന്നിവർക്കും വെട്ടേറ്റു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരും മറ്റു പല കേസുകളിലും വിചാരണ കാത്തു കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ ഗീനാകുമാരി ഹാജരായി.
"https://www.facebook.com/Malayalivartha


























