അഭിനയമല്ല രാഷ്ട്രീയം... ഒരു കാലത്ത് മലയാളികളുടെ ആവേശമായിരുന്ന ഷക്കീല കോണ്‍ഗ്രസിലെത്തിയത് കൗതുകത്തോടെ കണ്ട് മലയാളികള്‍; തമിഴ് രാഷ്ട്രീയത്തിലാണ് ഷക്കീല ചലനം ഉണ്ടാക്കുന്നതെങ്കിലും ചര്‍ച്ച കേരളത്തിലാണ്; കോണ്‍ഗ്രസില്‍ ചേര്‍ന്ന ഷക്കീല മനസ് തുറക്കുന്നു; അഭിനയമല്ല രാഷ്ട്രീയം

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത താരമാണ് ഷക്കീല. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെപ്പോലും കടത്തിവെട്ടി ഷക്കീല മുന്നേറിയപ്പോള്‍ മലയാളി സിനിമയാകെ മാറി. അന്ന് മലയാളത്തില്‍ ചലനമുണ്ടാക്കിയ ഷക്കീല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലാണ്.
രാഷ്ട്രീയത്തിലേക്കു ചുവടുവച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു.
പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഷക്കീല ചെന്നൈയിലാണു താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തിരശീലയില്‍ കത്തിപടര്‍ന്ന ഒരു കാലത്തിന്റെ പേരാണു മലയാളിക്കു ഷക്കീല. സ്വകാര്യ ചാനലില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'കുക്കു വിത് കോമാളി'യെന്ന റിയാലിറ്റി ഷോയിലെ ജനപ്രിയ താരമെന്നതാണു തമിഴകത്തെ ഏറ്റവും പുതിയ മേല്‍വിലാസം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു ജീവിതത്തില്‍ പുതിയ റോള്‍ ഏറ്റെടുത്തിരിക്കുകയാണു ഷക്കീല. തമിഴ്‌നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറല്‍ സെക്രട്ടറി പദവിയാണു രാഷ്ട്രീയത്തിലെ ആദ്യ വേഷം. താന്‍ എങ്ങനെ കോണ്‍ഗ്രസുകാരിയാണെന്ന് പ്രമുഖ മാധ്യമത്തോട് ഷക്കീല വെളിപ്പെടുത്തി.
പല രീതിയില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ടെന്ന് ഷക്കീല പറഞ്ഞു. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍, നടിയെന്ന വിലാസം മാത്രമാകുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കല്‍പിക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്‌ഫോമായാണു രാഷ്ട്രീയത്തെ കാണുന്നത്.
എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍, ചെറുപ്പത്തില്‍ത്തന്നെ കോണ്‍ഗ്രസിനോടു മനസ്സില്‍ ഒരിഷ്ടമുണ്ട്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നതാണു കോണ്‍ഗ്രസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആശയം. പിന്നെ, പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്നു നേരത്തേ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു ക്ഷണം കിട്ടിയപ്പോള്‍ അതു സ്വീകരിച്ചു.
എല്ലാവരെയും പോലെയല്ല ഷക്കീലയെന്നു മലയാളികള്‍ക്കു നന്നായി അറിയാമല്ലോ? വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണു ചേര്‍ന്നത്.
കേരളത്തില്‍ ഷക്കീലയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അവിടെയും തിരഞ്ഞെടുപ്പു നടക്കുകയാണ്. പ്രചാരണത്തിനെത്തുമോ? എന്ന ചോദ്യത്തിന് തമിഴ്‌നാട്ടിലെ പ്രചാരണത്തിനാണു മുന്‍ഗണന നല്‍കുന്നത്. ഇനി 10 ദിവസം മാത്രമാണുള്ളത്. പാര്‍ട്ടി നേതൃത്വം പറയുന്നതുപോലെ ചെയ്യും.
രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ സിനിമ ഉപേക്ഷിക്കില്ല. സിനിമ എന്റെ ജീവനോപാധിയാണ്. രണ്ടും ഒരുമിച്ചു കൊണ്ടുപോകും.
പിസിസി പ്രസിഡന്റ് കെ.എസ്. അഴഗിരിയെ സന്ദര്‍ശിച്ചാണ് ഷക്കീല ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചെന്നൈയിലെത്തുന്ന രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കും ശ്രമിക്കുന്നുണ്ട്. എന്തായാലും ഷക്കീല കേരളത്തില്‍ വരുമോ എന്നറിയാന്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും കാത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























