ഒന്നും വേണ്ടിയിരുന്നില്ല... രാഹുല്‍ ഗാന്ധി വന്നിട്ടു പോലും കേരളത്തില്‍ ചലനം ഉണ്ടാക്കാതിരുന്ന സമയത്ത് ഡല്‍ഹിയില്‍ ഒരു വര്‍ഷമായി ഉറങ്ങുന്ന എകെ ആന്റണിയെ കളത്തിലിറക്കി; ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുകളില്‍ ചാനലുകള്‍ ആന്റണിയെ ഏറ്റെടുത്തു; ആന്റണിയുടെ ഉറക്കത്തെ ആഘോഷമാക്കി സഖാക്കള്‍

കേരളത്തില്‍ വലിയ ഇമേജുള്ളയാളാണ് എകെ ആന്റണി. ആ ഇമേജുപയോഗിച്ച് അവസാന ആയുധം പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഉണ്ടാക്കാത്ത ചലനമാണ് കേരളത്തില്‍ ആന്റണി ഉണ്ടാക്കുന്നത്. ഇതോടെ സിപിഎം ആഞ്ഞടിക്കുകയാണ്.
ബി.ജെ.പിയിലെ ഒരു പ്രധാനി വോട്ടെടുപ്പിന് തൊട്ടുമുമ്പ് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എമ്മിനുവേണ്ടി വോട്ട് മറിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിപറഞ്ഞു. കോണ്‍ഗ്രസില്ലാത്ത ഇന്ത്യയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
അതിനായി ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണ്ടാണ് വോട്ട് മറിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാണിക്കുന്ന ജാഗ്രതയോടെ കണ്ണും തുറന്നിരിക്കണമെന്നും ആന്റണി പറഞ്ഞു. ബി.ജെ.പി സഹായഹസ്തം നീട്ടുമ്പോള്‍ സി.പി.എം ഇരുകൈയും നീട്ടി സ്വീകരിക്കും.
കാരണം അവര്‍ക്ക് എങ്ങനെയെങ്കിലും തുടര്‍ഭരണം കിട്ടിയാല്‍ മതി. പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏകാധിപത്യഭരണമായിരിക്കും. അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പൊളിറ്റ്ബ്യൂറോയ്‌ക്കോ പാര്‍ട്ടിക്കോ കഴിയില്ലെന്നും ആന്റണി പറഞ്ഞു.
മഹാഭൂരിപക്ഷം വോട്ടര്‍മാരും എല്‍.ഡി.എഫ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. അത് തന്നെയാണ് യു.ഡി.എഫിന്റെ വിജയരഹസ്യവും. ജനങ്ങള്‍ മാത്രമല്ല, എല്‍.ഡി.എഫ് അനുഭാവികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. തങ്ങള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ബംഗാളില്‍ ഇല്ലാതായതുപോലെ കേരളത്തിലും നശിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവരും യു.ഡി.എഫിന് വാേട്ട് ചെയ്യും. തുടര്‍ഭരണം വേണ്ട, യു.ഡി.എഫ് വന്നോട്ടെ എന്നാണവരുടെ ചിന്ത.
യു.ഡി.എഫിന്റെ സുസ്ഥിര ഭരണം ഉണ്ടാവും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബംഗാളിനേക്കാള്‍ ദയനീയമായ പാര്‍ട്ടിയായി കേരളത്തിലെ സി.പി.എം മാറും. പിണറായിയെ നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം. പിണറായി കഴിഞ്ഞാല്‍ മറ്റൊരു നേതാവിനെ അവര്‍ക്ക് ചൂണ്ടിക്കാട്ടാനില്ല. 25 വര്‍ഷത്തേക്കുള്ള നേതാക്കളെയാണ് ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യം തകരാതിരിക്കാന്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആശയങ്ങളെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കുകയാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. അതിനെ ഏകത്വമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു.
രാമക്ഷേത്രം വികാരമായത് ബി.ജെ.പി ചൂഷണം ചെയ്തു. തിയേറ്റര്‍ എഫക്ടുള്ള നേതാവാണ് നരേന്ദ്രമോദി. സിനിമാ താരങ്ങളെ വെല്ലും വിധം മോദി ആക്ഷന്‍ ഹീറോയായി വേദികളില്‍ പ്രത്യക്ഷപ്പെട്ടു. ആ വൈകാരികത ഒരുഘട്ടം കഴിഞ്ഞാല്‍ താഴും. പിന്നെ ജനങ്ങള്‍ യുക്തിയിലേക്ക് വരും. എല്ലാ മതസ്ഥരും ഇന്ത്യയില്‍ ഒന്നിച്ച് ജീവിച്ചേ പറ്റൂ. ആ സത്യം മനസിലാകുമ്പോള്‍ ബി.ജെ.പിയുടെ പ്രസക്തി കുറയും. കോണ്‍ഗ്രസിന്റെ ശക്തി കൂടും. കോണ്‍ഗ്രസ് ഫീനീക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും.
പിന്നാക്ക പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിക്കും. അക്കാര്യത്തില്‍ ഞങ്ങള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും പിന്നാക്ക പ്രാതിനിദ്ധ്യം വരണം. യു.ഡി.എഫില്‍ മാത്രമല്ല, എല്‍.ഡി.എഫിലും അര്‍ഹമായ പ്രാതിനിദ്ധ്യമില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഉറപ്പ് വരുത്തും.
എന്റെ രാഷ്ട്രീയം ഒരണസമരം മുതല്‍ തുടങ്ങിയതാണ്. കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ആ സമരത്തിലൂടെയാണ് എന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം. വ്യക്തിപരമായി പിണറായിയുമായി അഭിപ്രായ വ്യത്യാസമില്ല. ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പിണറായി വിദ്യാര്‍ത്ഥി നേതാവായിരുന്നു. ഒരേകാലത്താണ് നിയമസഭയിലെത്തിയതെന്നും ആന്റണി പറഞ്ഞു.
അതേസമയം ആന്റണിക്കെതിരെ സിപിഎം രംഗത്തു വന്നു. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി പരിഹസിച്ചു.
കൊവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നു എന്നും മന്ത്രി ചോദിച്ചു. കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി തുറന്നടിച്ചു. കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.
"
https://www.facebook.com/Malayalivartha


























