ഓൺലൈൻ തട്ടിപ്പ്; ഫ്ലാറ്റ് വാടക നൽകാമെന്ന കാണിച്ച് വൻ തുക തട്ടിയെടുത്തു, പണം തട്ടിയത് 3 തവണകളായി, എല്ലാം സംഭവിച്ചത് വെറും 15 മിനിറ്റിനകത് !

ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാനെന്ന പേരിലും ഓൺലൈൻ തട്ടിപ്പ്. മുംബൈയിലെ ഫ്ലാറ്റ് വാടകയ്ക്കു നൽകാനുണ്ടെന്നു കാണിച്ച്, ഓൺലൈൻ റിയൽ എസ്റ്റേറ്റ് സൈറ്റിൽ പരസ്യം നൽകിയതു കണ്ട് കഴിഞ്ഞ 23ന് രൺദീപ് സിങ് എന്നു പരിചയപ്പെടുത്തിയ ആൾ ഇദ്ദേഹത്തെ വിളിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയാണു തട്ടിപ്പിനിരയായത്. പട്ടാളക്കാരനാണെന്നും ഫ്ലാറ്റിൽ താൽപര്യമുണ്ടെന്നും പറഞ്ഞു. തന്റെ അച്ഛനും സഹോദരനും സൈനികരായതിനാൽ, ഫ്ലാറ്റ് വാടകയ്ക്കു നൽകുന്നതിൽ കൊച്ചി സ്വദേശിക്കും താൽപര്യമായിരുന്നു. 25,000 രൂപയിൽ താഴെയുള്ള തവണകളായി അയയ്ക്കാമെന്നും ഇയാൾ പറഞ്ഞു.
ആധാർ കാർഡ്, പാൻ കാർഡ്, സൈനികരുടെ കന്റീൻ കാർഡ് എന്നിവ രൺദീപ് സിങ് വാട്സാപ് െചയ്തു കൊടുത്തു. തുടർന്ന്, വാടകയുടെ അഡ്വാൻസ് തുക നൽകുന്നതിനു പേയ്ടിഎം വഴി മെസേജ് നൽകാൻ ആവശ്യപ്പെട്ടു.
പണം കൈമാറുന്നതിനായി, താൻ വാട്സാപ്പിൽ അയയ്ക്കുന്ന ക്യു ആർ കോഡ് പേയ്ടിഎമ്മിൽ സ്കാൻ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പേയ്ടിഎമ്മിൽ, ക്യൂ ആർ കോഡ് സ്കാൻ ചെയ്തതോടെ ഫ്ലാറ്റ് ഉടമയുടെ അക്കൗണ്ടിൽ നിന്ന് 24,500 രൂപ ട്രാൻസ്ഫർ ആയി.
ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, സഹപ്രവർത്തകന്റെ അക്കൗണ്ടിലേക്കാണതു പോയതെന്നും സാങ്കേതിക പ്രശ്നമാണെന്നും വീണ്ടും സ്കാൻ ചെയ്താൽ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞു. ഈ തരത്തിൽ 3 തവണകളായി 73, 500 രൂപ നഷ്ടപ്പെട്ടു.
15 മിനിറ്റിനകമാണിതെല്ലാം നടന്നത്. നഷ്ടപ്പെട്ട പണം തിരികെ ചോദിച്ചപ്പോൾ, ഒരു തവണ കൂടി ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനാണു നിർദേശം ലഭിച്ചത്. പണം തിരികെ ലഭിക്കുമെന്ന് ആവർത്തിച്ചതായും കൊച്ചി സ്വദേശി പറയുന്നു. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ, ഇതിനു തയാറാകാതെ സൈബർ സെല്ലിനു പരാതി നൽകി.
https://www.facebook.com/Malayalivartha


























