മുന്നണികളെയെല്ലാം ഒരു പോലെ തുണയ്‌ക്കുന്ന വട്ടിയൂർക്കാവ്; ശുഭ പ്രതീക്ഷയുമായി സ്ഥാനാർത്ഥികളും, അണികളും, ഇത്തവണ വിജയം ആർക്കൊപ്പം?

തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സര സാദ്ധ്യത കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വട്ടിയൂർക്കാവ്. മാർച്ച് 9ന് വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎമ്മാണ് തിരഞ്ഞെടുപ്പ് അങ്കത്തിന് ആദ്യ വെടി പൊട്ടിച്ചത്. പിന്നാലെ ബിജെപിയുടെ സ്ഥാനാർത്ഥിയായി പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ പേര് പുറത്തുവന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വരാൻ ഒരുപാട് നീണ്ടു.
ചെങ്ങന്നൂർ മുൻ എംഎൽഎ പി.സി വിഷ്‌ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, കെപിസിസി സെക്രട്ടറിയും രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാർ, നെതർലാന്റ് മുൻ അംബാസിഡർ വേണു രാജാമണി എന്നിവരായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന മണ്ഡലത്തിലെ പ്രവർത്തകരുടെ മുറവിളിക്കൊടുവിൽ യൂത്ത്കോൺഗ്രസ് നേതാവ് അഡ്വ. വീണ.എസ് നായർ സ്ഥാനാർത്ഥിയായി.
സ്ഥാനാർത്ഥികളെ ചൊല്ലി പ്രവർത്തകർക്കുണ്ടായിരുന്ന പ്രതിഷേധം നാട്ടുകാരിയായ വീണ വന്നതോടെ മാറി. മണ്ഡലം രൂപീകരിച്ച ശേഷം 2011ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 16000ലധികം വോട്ടുകൾക്കായിരുന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഇവിടെ നിന്നും വിജയിച്ചത്. 2016ൽ ഭൂരിപക്ഷം പക്ഷെ 7622 ആയി. പിന്നീട് മുരളീധരൻ വടകരയിൽ വിജയിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഇടത് മുന്നണിയുടെ കൈയിലെത്തി.
എന്നാൽ, ഇത്തവണ മുരളീധരൻ നേടിയത്ര ഭൂരിപക്ഷം നേടിയില്ലെങ്കിലും മികച്ച വിജയം തന്നെ നേടുമെന്നാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വിശ്വാസം. എന്നാൽ കെപിസിസിയ്‌ക്ക് മതിയായ ഫണ്ടില്ലാത്തത് മണ്ഡലത്തിലെ ഇലക്ഷൻ പ്രചാരണത്തെയും ബാധിക്കുന്നുണ്ട് എന്നതാണ് നേതാക്കൾ പോലും അംഗീകരിക്കുന്ന വസ്‌തുത.
മണ്ഡലത്തിലെ ജനങ്ങൾ തുടർഭരണത്തിനായി കാത്തിരിക്കുകയാണെന്നാണ് ഇടത്‌മുന്നണി പ്രവർത്തകരുടെ അഭിപ്രായം. 2019ലെ ഉപതിരഞ്ഞെടുപ്പിൽ മേയർ വി.കെ പ്രശാന്തിനെ മുൻനിർത്തിയുളള പ്രചാരണമാണ് പാർട്ടി നടത്തിയത്. ഇത്തവണ സർക്കാർ നടത്തിയ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരം തേടിയും എംഎൽഎ എന്ന നിലയിലുളള വി.കെ പ്രശാന്തിന്റെ പ്രവർത്തനത്തിനുമാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.
പ്രാദേശികതലത്തിൽ വിപുലമായ സജ്ജീകരണത്തോടെയാണ് ഇടത് മുന്നണി പ്രവർത്തിക്കുന്നത്. ഇലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ച് ഒരു ബൂത്തിൽ നാലോളം സ്‌ക്വാഡ് രൂപീകരിച്ചാണ് വോട്ട് തേടുന്നത്. കുടുംബയോഗങ്ങളും സജീവമാണ്. ഒരു സ്‌ക്വാഡ് ഒരു ദിവസം 150 വീടുകളിൽ ചെന്ന് വോട്ടഭ്യർത്ഥന നടത്താനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പിൽ 14,465 വോട്ടുകൾക്കായിരുന്നു വി.കെ പ്രശാന്തിന്റെ വിജയമെങ്കിൽ ഇത്തവണ 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസവും.
ഇടത് മുന്നണിയെപ്പോലെ ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ ബിജെപിയും നടത്തുന്നത്. പ്രവർത്തകരുടെ ബൈക്ക് റാലികളും പ്രചാരണവുമായി നിറപ്പകിട്ടാർന്ന പ്രചാരണം തന്നെയാണ് പാർട്ടി നടത്തുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 50,000ലേറെ വോട്ട് നേടിയ പാർട്ടിക്ക് പക്ഷേ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചത് 27,000 വോട്ടുകൾ മാത്രമാണ്. നഷ്‌ടം 23,000 വോട്ടുകൾ. ഈ നഷ്‌ടമായ വോട്ടുകൾ തിരികെ നേടി മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മണ്ഡലത്തിലെ ബിജെപി പ്രവർത്തകർ. ശബരിമല ഉൾപ്പടെ സർക്കാരിനെതിരായ വിവിധ വിവാദങ്ങൾ ഇതിന് സഹായിക്കും എന്നവർ കണക്കുകൂട്ടുന്നുണ്ട്.
പ്രചാരണ കോലാഹലങ്ങൾക്കൊപ്പം വിവാദങ്ങൾക്കും മണ്ഡലത്തിൽ കുറവില്ല. ബിജെപിയും കോൺഗ്രസും മണ്ഡലത്തിൽ ഇലക്ഷൻ പ്രചാരണത്തിൽ സജീവമല്ലെന്ന് എംഎൽഎ തന്നെ ആരോപണം ഉന്നയിക്കുന്നു. ഇത് രഹസ്യധാരണയാണെന്നും മുൻകാലങ്ങളിലും ഇരുപാർട്ടികളും തമ്മിൽ ഇങ്ങനെ ധാരണകളുണ്ടായതായി ഇടത് പ്രവർത്തകരും ആരോപിക്കുന്നത്. പ്രശാന്തിന്റെ ആരോപണത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























