ഇത് തീക്കളി: സ്വര്‍ണ്ണക്കടത്ത് കമ്മീഷന്‍ സോളാര്‍ കമ്മീഷനെ പോലെ തിരിഞ്ഞു കുത്തില്ലേ?

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ പോലെ നാളെ സ്വര്‍ണ്ണക്കടത്ത് കമ്മീഷന്‍ പിണറായിക്ക് പാരയായി തീരുമോ?
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നീങ്ങിയാല്‍ വരുന്ന തെരഞ്ഞടുപ്പില്‍ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നീങ്ങിയ അതേ മട്ടില്‍ തന്നെയാണ് പിണറായിയും നീങ്ങുന്നത്. ജുഡീഷ്യല്‍ കമ്മീഷനുകള്‍ സര്‍ക്കാരിന്റെ കോടികള്‍ ഇല്ലാതാക്കുമെന്ന് നല്ല തിരിച്ചറിവുള്ളവര്‍ തന്നെയാണ് ഇത്തരം നീക്കങ്ങളുമായി മുന്നോട്ടു വരുന്നത്.
ഇ ഡി ക്കെതിരായി ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചാല്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രചരണം നടത്താന്‍ കഴിയുമെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. അത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണമാവുകയും അത് തുടര്‍ ഭരണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും പിണറായി കരുതുന്നു. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ആരോപണം ഉണയിക്കുന്നവരുടെ വായ തത്കാലം അടയ്ക്കാനും ഇതുവഴി കഴിയും. കിഫ്ബി പോലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന റയ്ഡുകള്‍ തത്കാലം തടയാനും സാധിക്കും .
വിശ്വസ്തനായ ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയെയാണ് കമ്മീഷന്‍ അധ്യക്ഷനായി പിണറായി നിയോഗിച്ചത്. അദ്ദേഹം ഇപ്പോള്‍ കേരള പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റിയുടെ അധ്യക്ഷനാണ്.
ഇടതുമുന്നണിക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ തുടര്‍ ഭരണം ലഭിച്ചില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി സമാനമായ സന്ദര്‍ഭത്തില്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ പോലെ പിണറായി വിജയന് തിരിച്ചടി ഉണ്ടായികൂടെന്നില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ,
സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ സ്വപ്നയുടെ ശബ്ദരേഖ വേണമെങ്കില്‍ സര്‍ക്കാരിന് പാരയായി തീരാം.
ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി,
അങ്ങനെ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി ജസ്റ്റിസ്. വി.കെ. മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
അതിനാല്‍ തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുക. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഫലം വരുന്നത് വരെ പെരുമാറ്റചട്ടം നിലവിലുണ്ടെങ്കിലും തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ കമ്മീഷന്‍ ബലം പിടിക്കുകയില്ല.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിയമിച്ച കമ്മീഷന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രസ്തുത റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് എതിരായിരുന്നു.
സരിതാ നായരുടെ കത്ത് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത് ആ കമ്മീഷനാണ്. അതാണ് പിന്നീട് ഉമ്മന്‍ ചാണ്ടിക്ക് എതിരെ അന്വേഷണം നടത്തുന്നതില്‍ എത്തി നിന്നത്. നിയമിച്ച സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും മാറിയാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്നത്തെ ഭരണാധികാരികളെ അനുകൂലിക്കണമെന്നില്ല. ഇക്കാര്യം ആരെക്കാളധികം അറിയുന്നത് ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. അതിനാല്‍ തുടര്‍ ഭരണം കിട്ടിയാല്‍ പിണറായിക്ക് രക്ഷപ്പെടാം. ഇല്ലെങ്കില്‍ പിണറായി വെള്ളം കുടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
"
https://www.facebook.com/Malayalivartha


























