തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പൊറുതിമുട്ടി ജീവനക്കാർ; ജോലിക്രമം നിശ്ചയിച്ചത് കംപ്യൂട്ടർ; പോളിങ് സമയം ദീർഘിപ്പിക്കുക കൂടി ചെയ്തതോടെ ജീവനക്കാർ ആശങ്കയിൽ

ഇനി വോട്ടെടുപ്പ് കഴിഞ്ഞ് എങ്ങനെ വീട്ടിലെത്തുമെന്ന ആലോചനയിലാണു ജീവനക്കാർ. തിരഞ്ഞെടുപ്പു ജോലിക്രമം കംപ്യൂട്ടർ സോഫ്റ്റ്‌വെയർ നിശ്ചയിച്ചതിനാൽ പലർക്കും ചുമതല ലഭിച്ചതു വീട്ടിൽ നിന്നു വളരെ ദൂരെയാണ്.
പോളിങ് സമയം ദീർഘിപ്പിക്കുക കൂടി ചെയ്തതോടെ വോട്ടെടുപ്പു കഴിഞ്ഞ് എങ്ങനെ വീട്ടിലെത്തുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
ജോലി നിശ്ചയിക്കുന്നതു സോഫ്റ്റ്‌വെയർ ആണെന്നും അതിൽ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നുമാണു തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വിശദീകരണം.
ജോലി തൊട്ടടുത്ത മണ്ഡലത്തിലേക്കു മാറ്റണമെങ്കിൽ ഉന്നത തലത്തിൽ ഇടപെടൽ വേണ്ടി വരും. കോവിഡ് മാനദണ്ഡ പ്രകാരം ഓക്സിലറി ബൂത്തുകൾ ഏറെയെണ്ണം അനുവദിക്കേണ്ടി വന്നതിനാൽ പല തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഇക്കുറി തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കേണ്ടി വന്നിട്ടുണ്ട്.
ജോലിക്കു നിയോഗിച്ച അതേ മണ്ഡലത്തിൽ തന്നെ തിരഞ്ഞെടുപ്പു പരിശീലനത്തിനും പോകണമെന്നതിനാൽ ആ ദിവസവും എല്ലാവരും ദീർഘയാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
വീടിരിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ മണ്ഡലത്തിൽ ഒഴികെ മറ്റേതെങ്കിലും മണ്ഡലത്തിൽ പോളിങ് ജോലിക്കു നിയോഗിക്കണമെന്നാണു വ്യവസ്ഥ.
സാധാരണ എല്ലാവർക്കും തൊട്ടടുത്ത മണ്ഡലത്തിൽ തന്നെ ചുമതല ലഭിക്കാറാണു പതിവ്. എന്നാൽ, ഇക്കുറി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ജോലിക്കു വിന്യസിച്ചപ്പോൾ പലർക്കും വളരെ മാറിയുള്ള സ്ഥലത്താണു ജോലി ലഭിച്ചിരിക്കുന്നത്.
7 വരെ വോട്ടിങ് നിശ്ചയിച്ചിരിക്കുന്നതിനാൽ പോളിങ് കഴിഞ്ഞു സാമഗ്രികൾ കലക്‌ഷൻ സെന്ററിൽ എത്തിച്ച് അവിടെ നിന്നു തിരിച്ചു വീട്ടിൽ എത്തുക എളുപ്പമാകില്ല.
ഫലത്തിൽ രണ്ടു ദിവസം വീടുകളിൽ നിന്നു വിട്ടു നിൽക്കേണ്ടി വരും. വനിതാ ജീവനക്കാർക്കടക്കം ഒട്ടേറെപ്പേർക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണു നിലവിലെ പട്ടികയെന്ന് ജീവനക്കാർ ആരോപിച്ചു.
https://www.facebook.com/Malayalivartha


























