5000 കോടിയുടെ ആഴക്കടല്‍ കരാറിന് വന്ന ഇ.എം.സി.സി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം...കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്

ആഴക്കടലില്‍ വീണ് ചെറുതായൊന്നുമല്ല ഇടത് സര്‍ക്കാര്‍ വെളളം കുടിച്ചത്. ഇനി കരകയറിയാലും എന്തൊക്കെ നഷ്്‌പ്പെടുത്തേണ്ടി വരുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനേയും കൂട്ടരേയും പ്രതിരോധത്തിലാക്കി ചില്ലറ വെടിക്കെട്ടൊന്നുമല്ല രമേശ് ചെന്നിത്തലയും കൂട്ടരും ഈ വിഷയത്തില്‍ പൊട്ടിച്ചുകൊണ്ടിരിക്കുന്നതും. ഏതായാലും ഇത് ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് താന്‍ ചില്ലറക്കാരനല്ല എന്ന് തെളിയിക്കാന്‍ കച്ചക്കെട്ടി ആഴക്കടലിനൊപ്പം കേരളം ചര്‍ച്ച ചെയ്ത ഷിജു വര്‍ഗീസുമുണ്ട്. അതും കുണ്ടറയില്‍ തന്നെ. സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ഇഎംസിസി എന്ന പേര് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നു തിരഞ്ഞെടുപ്പില്‍. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയാണ് എന്ന വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. പദ്ധതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും ഷിജു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന നയം സര്‍ക്കാരിനില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തളളിപ്പറഞ്ഞ മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ നിയമനടപടി സ്വികരിക്കുമെന്നും ഷിജു വര്‍ഗീസ് അറിയിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഷിജു തന്നെയാണ് വാര്‍ത്തയിലെ താരം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനി ഉടമയ്ക്ക് 10,000 രൂപ മാത്രമേ ആസ്തിയായി ഉള്ളൂവെന്ന് സത്യവാങ്മൂലമാണ് കേരളത്തെ ഇപ്പോള്‍ അതിശയിപ്പിച്ചിരിക്കുന്നത്. ഇ.എം.സി.സി ഉടമ ഷിജു എം.വര്‍ഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരില്‍ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കരാറുമായി എത്തിയ ആളുടെ ആസ്തി വിവരം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
എന്നാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ ഒരു കളവുമില്ല. തനിക്ക് 10,000 രൂപയുടെ ആസ്തിയേ ഉള്ളൂവെന്നും ഷിജു എം വര്‍ഗീസ് പ്രതികരിച്ചു. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇ.എം.സി.സിയില്‍ 13 ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികള്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കമ്പനിയില്‍ നിന്ന് എത്ര വരുമാനമുണ്ടെന്ന ചോദ്യത്തിന്, അത്ര ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ കാര്യം മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നുമാണ് ഷിജു വര്‍ഗീസ് പ്രതികരിച്ചത്. ഏതായാലും ആഴത്തിലുള്ളതോ അല്ലയോ എന്താണ് പിന്നണി കഥകള്‍ എന്ന് കാത്തിരുന്നു കാണാം. ഇഎംസിസിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി വിവാദമായപ്പോള്‍ കേരളം മുഴുവന്‍ ഈ വിഷയത്തിന് പിന്നാലെ തിരിഞ്ഞപ്പോള്‍ പിണറായി സര്‍ക്കാര്‍ ആദ്യം പറഞ്ഞതിനെ വെട്ടിലാക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദേവസം കേരളം കണ്ടത്. കാര്യങ്ങളെല്ലാം കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍.പ്രശാന്ത്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കറിനെയും അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയും അറിയിച്ചിരുന്നു എന്നതിന്റെ വാട്സാപ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി നിലപാടു മാറ്റുന്നതും സംസ്ഥാനം കണ്ടു. അഡീഷനല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ അറിയിച്ചതു ഗൂഢാലോചനയായിരുന്നു എന്ന പുതിയ നിലപാടിലെത്തി മുഖ്യമന്ത്രി. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യം അറിയില്ലെന്നും അദ്ദേഹം സന്ദേശങ്ങള്‍ക്കു സ്വാഭാവികമായി നല്‍കുന്ന മറുപടി മാത്രമാണു നല്‍കിയതെന്നുമാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. വിവരാവകാശ രേഖകളിലൂടെയാണ് എന്‍.പ്രശാന്തും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കറുമായുമുള്ള വാട്സാപ് ചാറ്റ് സന്ദേശങ്ങള്‍ പുറത്തുവന്നത്. കെഎസ്ഐഎന്‍സി ധാരണാപത്രത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനമാണ് ഇതു പുറത്തുവരാന്‍ കാരണമായതും. വിശദീകരണം തേടിയ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമായി നടത്തിയ വാട്സാപ് ചാറ്റ് ഉള്‍പ്പെടെ പ്രശാന്ത് നല്‍കുകയായിരുന്നു. ഇതോടെ ഇത് ഔദ്യോഗിക രേഖകളുടെ ഭാഗമായി. പിന്നാലെയാണു കത്ത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച വിവാദങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരണത്തിനില്ലെന്ന നിലപാടിലാണു പ്രശാന്ത്. കരാര്‍ വിവാദമായ ശേഷം മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കുകയാണ് അദ്ദേഹം.
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം ഒപ്പിട്ടത് കെഎസ്ഐഡിസി എംഡിയായിരുന്ന എം.ജി.രാജമാണിക്യം ആണ്. ഇതിലാണു സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയം ലംഘിക്കപ്പെട്ടത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. ധാരണാപത്രത്തിന് അനുമതി നല്‍കിയത് ആരെന്ന് അന്വേഷിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha


























