അനക്കമില്ലാതെ പുരാവസ്‌തുവകുപ്പ്; പൈതൃക സ്‌മാരകങ്ങൾ പൊട്ടിപ്പൊളിഞ്ഞു, പടിഞ്ഞാറേകോട്ടയുടെ ഗോപുരത്തിനും തെക്കേകോട്ടയുടെ മതിലിനും കേടുപാട്, മാലിന്യങ്ങൾ കുന്നുകൂട്ടി കത്തിക്കുന്നു, പ്രദേശവാസികൾ അപകടക്കെണിയിൽ

സംരക്ഷിത സ്‌മാരകമായ പടിഞ്ഞാറേകോട്ടയും തെക്കേകോട്ടയുടെ മതിലും പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. പടിഞ്ഞാറേകോട്ടയുടെ മുകൾഭാഗത്തെ ഗോപുരത്തിന്റെ ഭാഗം ഇളകി വീഴുമെന്ന ആശങ്കയിലാണ്.
തെക്കേകോട്ടയുടെ മതിലിന്റെ ചുവടാകെ പൊട്ടി കട്ടകൾ ഇളകാറായ നിലയിലാണ്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പുരാവസ്‌തുവകുപ്പ്.
പടിഞ്ഞാറേകോട്ടയുടെ മുകളിൽ വടക്കുഭാഗത്തെ അഞ്ച് തൂണുകളിലൊന്നാണ് ചുവടിളകി നിൽക്കുന്നത്. കോട്ടയിലേക്ക് വേരൂന്നി വളരുന്ന മരമാണ് തകർച്ചയ്‌ക്ക് കാരണം. മുകളിലെ മറ്റ് തൂണുകളും സമാനമായ രീതിയിൽ തകർച്ചാഭീഷണിയിലാണ്.
റോഡിലേക്കോ സമീപത്തെ വീടിലേക്കോ തൂണിളകി വീഴാനും സാദ്ധ്യതയുണ്ട്. ചെടിപ്പടർപ്പുകൾ യഥാസമയം നീക്കം ചെയ്യാറില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.
കോട്ടയ്ക്ക് സമീപമുണ്ടാകുന്ന അനധികൃത നിർമ്മാണങ്ങൾ യഥാസമയം കണ്ടെത്തി മാറ്റാനും അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി. കോട്ടയിൽ നടപ്പാത കടന്നു പോകുന്ന കവാടവും നിലവിൽ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
തെക്കേകോട്ട മതിലിനോട് ചേർന്ന് മാലിന്യങ്ങൾ തള്ളിയതാണ് മതിലിന്റെ ചുവട് പൊളിയാൻ കാരണം. ഇവിടെ പൂശിയ ഭാഗം ഇളകിപ്പോയി. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ ഭാഗങ്ങൾ പൊളിയും. വെട്ടിമുറിച്ച കോട്ടയുടെ സമീപത്തെ മതിലിലും ചിലയിടങ്ങളിലായി പൂശിയ ഭാഗമൊക്കെ അടർന്നു പോയിട്ടുണ്ട്.
തലസ്ഥാനത്തെ പ്രധാന കോട്ടയിൽ കിഴക്കേകോട്ടയിലും പടിഞ്ഞാറേകോട്ടയിലും വെട്ടിമുറിച്ച കോട്ടയിലും മാത്രമാണ് സമാനരൂപത്തിലുള്ള ഗോപുരവാതിൽ അവശേഷിക്കുന്നത്. പഴവങ്ങാടിയിലും തെക്കേതെരുവിനടുത്തും വാതിലുകളുടെ നിർമ്മാണം വ്യത്യസ്‌തമാണ്.
കിഴക്കേകോട്ട വാതിലും വെട്ടിമുറിച്ച കോട്ട വാതിലും അടിക്കടി മുഖം മിനുക്കാറുണ്ടെങ്കിലും പടിഞ്ഞാറേകോട്ട വാതിലോ കോട്ട മതിലുകളോ അധികൃതർ ശ്രദ്ധിക്കാറില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി.
കോട്ടയുടെ ചുറ്റുവട്ടത്ത് മാലിന്യം കൊണ്ടുതള്ളുന്നതിൽ ഇപ്പോഴും കുറവില്ല. മാലിന്യം കുന്നുകൂടുമ്പോൾ തീ കത്തിക്കുകയാണ് നഗരസഭാജീവനക്കാർ ചെയ്യുന്നത്. കോട്ടമതിലിൽ കരി പിടിക്കുന്നതിനും കല്ലിന്റെ സ്വാഭാവികഭംഗി നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുന്നു.
ശ്രീകണ്ഠേശ്വരം പാർക്കിന് സമീപം കോട്ട വേലി കെട്ടിതിരിച്ച ശേഷം വേലിക്കുള്ളിലേക്ക് മാലിന്യം തള്ളിത്തുടങ്ങി. പൈതൃക കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കോട്ടയ്ക്ക് ചുറ്റുമുള്ള അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നും മാലിന്യം കത്തിക്കുന്നത് നിരോധിക്കണമെന്നും പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha