അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി; കൊവിഡ് ലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണം, കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

സംസ്ഥാനത്ത് കൊവിഡ് രോഗബാധ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗ ലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഓരോ ജില്ലയിലും രോഗ വ്യാപനം അനുസരിച്ച് ആസൂത്രണം വേണം. വാർഡ് തലത്തിൽ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിൻ കിട്ടിയിട്ടില്ലെങ്കിൽ ക്യാമ്പയിൻ ബുദ്ധി മുട്ടിലാകും. കണ്ണൂരിൽ കേസുകൾ ദിനംപ്രതി കൂടുകയാണ്.
എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. കണ്ണൂരിലെ ആശുപത്രികളിൽ നിലവിൽ സൗകര്യങ്ങളുണ്ട്. നോൺ കൊവിഡ് ട്രീറ്റ്മെന്റിനുളള സൗകര്യങ്ങൾ കൂട്ടേണ്ടതുണ്ട്.
ഇതിനായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടസമുണ്ടാക്കില്ലെന്ന് കരുതുന്നുവെന്നും കെ കെ ശൈലജ പറയുകയുണ്ടായി.
താഴെ തലത്തിലുളള കൊവിഡ് പ്രതിരോധ സമിതികൾ വീടുകളിലെത്തി വിവരങ്ങൾ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
അതേസമയം, രാജ്യത്ത് കുത്തനെ ഉയരുകയാണ് കൊവിഡ് കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകളും 904 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയർന്നു.
കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലാണ് ഇന്ത്യയ്ക്ക് തൊട്ടു പിന്നിൽ.
https://www.facebook.com/Malayalivartha