ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി; രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളിൽ നടത്തണം

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുളളിൽ നടത്തണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സഭാംഗങ്ങൾക്കാണ് വോട്ടു ചെയ്യാനുളള അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പുതിയ നിയമസഭ രൂപീകരിച്ച ശേഷം രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കാലാവധി കഴിഞ്ഞ നിലവിലെ നിയമ സഭാംഗങ്ങൾ വോട്ടു ചെയ്യുന്നത് ധാർമ്മികമായി ശരിയല്ലെന്നാണ് നിയമ മന്ത്രാലയം അറിയിച്ചതെന്നും കമ്മീഷൻ പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തളളി.
കേരളത്തിൽ നിന്നുളള മൂന്ന് രാജ്യ സഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. നിലവിലെ നിയമ സഭാംഗങ്ങളുമായി തിരഞ്ഞെടുപ്പ് നടത്തിയാൽ രണ്ട് പേരെ വിജയിപ്പിക്കാൻ സി പി എമ്മിന് കഴിയും.
നേരത്തെ ഈ നിയമ സഭയുടെ കാലാവധിക്കുളളിൽ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ കാരണം വിശദമാക്കാൻ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha