ഈ വിഷു കർഷക പോരാട്ടത്തിനു സമർപ്പിക്കാം; പോരാടി മുന്നോട്ടുപോവുന്ന കർഷകമക്കളുടെ ഇന്നത്തെ തലമുറയെ ഓർക്കാം

ശക്തമായ മഴക്കോളും കാറ്റും അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കെ, കേരളം വിഷു ആഘോഷിക്കുകയാണ്. ആയിരത്തിലേറെ വർഷമായി - കൃത്യമായി പറഞ്ഞാൽ, ക്രിസ്തുവർഷം 844 തൊട്ട് 855 വരെ കേരളപ്രദേശം ഭരിച്ച സ്ഥാണു രവിവർമ്മന്റെ കാലംതൊട്ട് - ഈ ഉത്സവം ഇവിടെയുണ്ട്. ഓണത്തേക്കാൾ പഴക്കമുള്ള കേരളോത്സവമാണിതെന്നു കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്.
കർഷകജനതയുടെ ഉത്സവമെന്നതു തന്നെ ഇതിന്റെ ചരിത്രപ്രാധാന്യം. സൂര്യന്റെ സ്ഥാനം നോക്കിയുള്ള ആസൂത്രണങ്ങളാണ് മികച്ച കാർഷിക വിളവെടുപ്പ് കിട്ടാനുള്ള വിജയമന്ത്രം. ആ നിലയ്ക്ക്, സൂര്യൻ ഭൂമിയുടെ രണ്ട് പകുതികൾക്കും മധ്യത്തിൽ വന്നുനിൽക്കുന്ന ദിവസം ഒരു വർഷത്തിന്റെ തുടക്കമായി കണക്കാക്കുന്നു എന്നതാണ് വിഷുവിന്റെ ശാസ്ത്രം.
കേരളത്തിൽ മാത്രമല്ല, രാജ്യത്ത് കർഷകജനതക്ക് പ്രാമുഖ്യം നിലനിന്ന എല്ലാ പ്രദേശത്തും കേരളത്തിൽ ആരംഭിക്കുന്നതിന് മുമ്പോ പിമ്പോ ആയി ഈ ‘യുഗപ്പിറവി’ ആഘോഷിച്ചുപോരുന്നുണ്ട്. കർണ്ണാടകത്തിലെ ഉഗാദി, യുഗത്തിന്റെ ആദി അതായത്, വർഷപ്പിറവി തന്നെയാണ്.
തമിഴർക്ക് ഇത് പുത്താണ്ട്. പഞ്ചാബിലെ വൈശാഖിയും, അസമിലെ ബിഹുവും, ബംഗാളിലെ പൊയ്ലാ ബൊയ്ഷായും, ഒറീസയിലെ വിഷുവാ സംക്രാന്തിയും, മഹാരാഷ്ട്രയിലെ ഗുഡി പഡ്വായും, ബിഹാറിലെ ബൈഹാഗും ഒക്കെ ഇതേ വർഷപ്പിറവിയാഘോഷമാണ്.
കൊന്നപ്പൂവിനൊപ്പം അരി, സ്വർണ്ണവർണ്ണത്തിലുള്ള വെള്ളരിക്കാ, ചക്കപ്പഴം, ചെറുനാരങ്ങ.. കണിവെയ്പ്പിലെ ഓരോ ഉൽപ്പന്നവും കൃഷിയോട് നേരിട്ട് ബന്ധപ്പെട്ടവ.
കൃഷിയെ മാത്രം ഉപജീവിച്ച് ജീവിച്ച ജനത ഇന്നും കാണാമറയത്തായിട്ടൊന്നുമില്ല! സാങ്കേതികവിദ്യയിലടക്കം നേടുന്ന വികാസവും, നമ്മൾ സ്വപ്നം കാണുന്ന എല്ലാ മേഖലകളിലെയും സമഗ്രവികസനവും യാഥാർത്ഥ്യമായാലും, ഭക്ഷണമേകാൻ കർഷകർതന്നെ വേണം. ടെക്നോളജി അന്നം തരില്ലെന്നത് നാം കാണാൻ മടിച്ചാലും, ഒരു നഗ്നസത്യമാണ്.
യുഗയുഗാന്തരങ്ങളായി കർഷകജനത ഇവിടുണ്ട്. ഏത് പ്രതികൂലസാഹചര്യങ്ങൾക്കും മറുമരുന്ന് ശാസ്ത്രീയമായി കണ്ടെത്തി, പരമ്പരാഗത അറിവുകളെയും വിശ്വാസപ്രമാണങ്ങളെയും കൊഴിച്ചുകളയാതെ മാറോടടുക്കി അവർ ഈ ഭാരതമണ്ണിൽ അങ്ങോളമിങ്ങോളമുണ്ട്. അതിനെ ശരിവെക്കുന്നതാണ് നമ്മുടെ വിഷുവും മേലെ പറഞ്ഞ സമാന ആഘോഷങ്ങളും.
അതുകൊണ്ട് നമുക്കീ വിഷുവാഘോഷത്തിൽ, പോരാടിപ്പോരാടി മുന്നോട്ടുപോവുന്ന കർഷകമക്കളുടെ ഇന്നത്തെ തലമുറയെ നന്നായൊന്ന് ഓർക്കാം. വടക്കേയിന്ത്യൻ മണ്ണിൽ ഉദിച്ചുയർന്ന് ഇന്നും അധികാരികൾക്കുമുന്നിൽ തലകുനിക്കാതെ നിൽക്കുന്ന ആ കർഷകജനതക്ക് നമ്മുടെ വിഷുസന്തോഷം സമർപ്പിക്കാം.
https://www.facebook.com/Malayalivartha