നിലപാട് മാറ്റമില്ല, നടന്നതാണ് പറഞ്ഞത്.. ഷിംജിതയ്ക്ക് വേണ്ടി കൗണ്ടർ പരാതി

ഒന്നല്ല രണ്ടല്ല ഷിംജിത ചിത്രീകരിച്ചത് 7 ദൃശ്യങ്ങൾ. ദീപകിനെ ആപമാനിക്കലല്ല ലക്ഷ്യമെന്ന് യുവതി. നിലവിൽ പറയുന്നത് പോലുള്ള ആരോപണങ്ങളെ തള്ളി യുവതിയ്ക്ക് കുരുക്ക് മുറുകുന്ന തരത്തിലാണ് റിമാൻഡ് റിപ്പോർട്ട്. യുവതിയുടെ ആരോപണത്തിനാസ്പതമായി സംശയാസ്പതമായ തരത്തിലൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല.
സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.
അതേ സമയം സംഭവത്തിൽ പ്രതിയുടെ സഹോദരൻ കൗണ്ടർകേസ് നൽകിയെന്നാണ് വിവരം. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്നു. പിന്നാലെ ഞായറാഴ്ച ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ ഷിംജിതക്കെതിരെ കേസ് എടുത്തിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.
https://www.facebook.com/Malayalivartha





















