ഒഴിവായത് വൻ ദുരന്തം.... റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം...

റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്‌ച ജാർഖണ്ഡിലെ ദിയോഗർ ജില്ലയിലെ നവാദിഹ് റെയിൽവേ ക്രോസിലാണ് സംഭവം. ഗോണ്ട- അസൻസർ എക്‌സ്‌പ്രസാണ് റെയിൽവേ ലൈൻ മുറിച്ചുകടക്കുകായായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചത്.
സംഭവ സമയം ട്രക്കിന് സമീപമുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. ട്രെയിന് വേഗത കുറവായിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. സിഗ്നൽ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമായതെന്ന് അധികാരികൾ വ്യക്തമാക്കി.
വീഡിയോയിൽ റെയിൽവേ ഗേറ്റ് തുറന്നിരിക്കുന്നതായി കാണാം. ട്രക്ക് ഉൾപ്പടെ നിരവധി വാഹനങ്ങൾ റെയിൽവേ ക്രോസിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ, ട്രെയിൻ വരുന്നത് മനസിലാക്കി മറ്റ് വാഹനങ്ങൾ പെട്ടെന്ന് റെയിൽവേ ലൈൻ ക്രോസ് ചെയ്‌തെങ്കിലും ട്രക്കിന്റെ പകുതി ഭാഗം റെയിൽവേ ലൈനിന് നടുവിലായി. ഈ സമയം അടുത്തെത്തിയ ഗോണ്ട- അസൻസർ എക്‌സ്‌പ്രസ് ട്രക്കിനെ ഇടിച്ചുനീക്കി. തുടർന്ന് അൽപം മുന്നോട്ട് നീങ്ങിയ ശേഷം ട്രെയിൻ നിശ്ചലമായി.
ട്രക്കിനു വശങ്ങളിലായി മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഇതിനുമുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്. സംഭവത്തെ തുടർന്ന് റെയിൽവേ ക്രോസിന് സമീപം രണ്ട് മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഈ ലൈനിലെ ട്രെയിൻ ഗതാഗതവും മണിക്കൂറുകളോളം നിശ്ചലമായി.
"
https://www.facebook.com/Malayalivartha






















