വര്‍ക്കലയില്‍ അനധികൃത പാചക വാതക സിലിണ്ടര്‍ ശേഖരം പിടികൂടി; പ്രതി ഓടി രക്ഷപെട്ടു

വര്‍ക്കലയില്‍ അനധികൃത പാചക വാതക സിലിണ്ടര്‍ ശേഖരം പിടികൂടി. ചേറുന്നിയൂര്‍ വെന്നിക്കോട് കുമളിവിള വീട്ടില്‍ ജുനു കുമാറിന്റെ പുരയിടത്തില്‍ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ ശേഖരം കണ്ടെത്തിയത്.
വര്‍ക്കല പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാചക വാതക ശേഖരം പിടികൂടിയത്.
21ഓളം സിലിണ്ടറുകള്‍ പൊലീസ് കണ്ടെത്തി. ഗാര്‍ഹിക ആവശ്യത്തിന് ഉള്ള ഗ്യാസ് സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉള്ള ഗ്യാസ് സിലിണ്ടറുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വിപണന ആവശ്യത്തിനുള്ള വലിയ സിലിണ്ടറുകളില്‍ നിന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളിലേക്ക് വാതകം മാറ്റിയാണ് തിരിമറി നടത്തിയിരുന്നത്. ലൈസന്‍സ് ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആയിരുന്നു ഇത്തരം ഒരു തിരിമറി നടത്തിയത്.
വാതകം മാറ്റി നിറയ്ക്കുന്നതിന് ആവശ്യമായ മോട്ടോര്‍ പമ്പുകളും അളവ് തൂക്കത്തിന് ഉള്ള ത്രാസുകളും മറ്റ് അനുബന്ധ സാമഗ്രികളും ഒരു വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അളവ് തൂക്കത്തില്‍ ക്രമക്കേട് നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ച് വരികയായിരുന്നു വെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം വര്‍ക്കലയിലെ ജയ ഗ്യാസ് ഏജന്‍സിക്കായി പാചക വാതക വിതരണം നടത്തുന്ന വാഹനമാണ് പൊലീസ് സ്ഥലത്ത് നിന്ന് പിടിച്ചെടുത്തത്. ജുനു കുമാറിന്റെ പേരിലുള്ളതാണ് വാഹനം. ജുനു കുമാര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഗ്യാസ് ഏജന്‍സിയുടെ അറിവില്ലാതെ ഇത്ര ഗുരുതരമായ ഒരു ക്രമക്കേട് നടക്കില്ലെന്ന വസ്തുത നിലനില്‍ക്കെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നുള്ള ആക്ഷേപവും നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























