സങ്കടക്കാഴ്ചയായി... വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. കോട്ടയം മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ് മരിച്ചത്.
പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്. കാൻസർ ബാധിതർക്ക് സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്റ്റിയായിരുന്നു. പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനവുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടമറിഞ്ഞ് ട്രാഫിക് പൊലീസും ആംബുലൻസും എത്തുമ്പോഴേക്കും ലിബുവിന് ജീവന് നഷ്ടപ്പെട്ടിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനമേഖലയിൽ സജീവവുമായിരുന്ന ലിബുവിനും കുടുംബത്തിനും വലിയ സുഹൃദ് വലയമുണ്ട്. 15 വർഷമായി പ്രവാസിയായ ലിബു ദമ്മാമിൽ ഹമാദ് എസ്.എൽ ഹവാസ് ആൻഡ് പാർട്ണർ കമ്പനിയിൽ ജീവനക്കാരനാണ്. മഞ്ജുഷ ആണ് ഭാര്യ. ഏബൾ, ഡാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾനടന്നു വരുന്നു.
https://www.facebook.com/Malayalivartha


























