പണം മടക്കി നല്‍കി ആരെങ്കിലും പോസ്റ്ററുകൾ എടുക്കണെ...വില കൊടുത്ത പോസ്റ്ററുകളുടെ കൂമ്പാരം കടയുടെ സിംഹ ഭാഗവും അപഹരിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ട് കടയുടമ: വീണ എസ് നായരുടെ 50 കിലോ പോസ്റ്ററുകൾ വിവാദത്തിൽ

ഏതാനും ദിവസങ്ങളായി വാർത്തകളിൽ ശ്രദ്ധനേടിയതാണ് വട്ടിയൂർക്കാവ് സ്ഥാനാർഥി വീണ എസ നായരുടെ പോസ്റ്ററുകൾ. തലസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രം നന്തന്‍കോട് വൈ എം ആര്‍ ജംഗ്ഷനിലുളള ആക്രിക്കടയിലുമാണ്.
വില കൊടുത്ത പോസ്റ്ററുകളുടെ കൂമ്പാരം കടയുടെ സിംഹ ഭാഗവും അപഹരിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കടയുടെ ഉടമയായ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്‌ഠന്‍.
കോണ്‍ഗ്രസ് കുറവന്‍കോണം മുന്‍ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയില്‍ നിന്നാണ് 500 രൂപ നല്‍കി മണികണ്‌ഠന്‍ പോസ്റ്ററുകള്‍ വാങ്ങിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകള്‍.
51 കിലോ വരുന്ന പോസ്റ്ററുകള്‍ 500 രൂപയ്ക്ക് വാങ്ങിയ മണികണ്‌ഠന് പോസ്റ്ററുകള്‍ മറിച്ചു വില്‍ക്കാന്‍ കഴിയാതായിരിക്കുന്ന സ്ഥിതിയിലാണ്. സംഭവം വിവാദമായതോടെ, പോസ്റ്ററുകളൊന്നു പോലും തത്ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നാണ് മണികണ്‌ഠന് പൊലീസിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദേശം.
പോസ്റ്റര്‍ വിറ്റ പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. പണം മടക്കി നല്‍കി പോസ്റ്ററുകള്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് മണികണ്‌ഠന്‍. പോസ്റ്റര്‍ വിവാദം ചൂടു പിടിച്ചതോടെ മണികണ്‌ഠന്റെ കടയും വാര്‍ത്തകളില്‍ ഇടം തേടി. പോസ്റ്ററുകള്‍ കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
നാല് കെട്ടുകളുമായി വ്യാഴാഴ്ച രാവിലെ പത്തിനാണ് ബാലു കടയിലേക്കെത്തുന്നത്. പൊട്ടിക്കാത്ത നിലയിലായിരുന്നു കെട്ടുകളെല്ലാം. ആകെ 51 കിലോയുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും ബാലുവിന് അപ്പോൾ നൽകിയിരുന്നു. പണം മടക്കി നല്‍കിയാല്‍ മുഴുവന്‍ പോസ്റ്ററുകളും തിരിച്ചു നല്‍കാമെന്നാണ് ഇപ്പോള്‍ മണികണ്‌ഠന്‍ പറയുന്നത്.
ഒരെണ്ണത്തിന് 10 രൂപ ചെലവില്‍ അച്ചടിച്ച മള്‍ട്ടി കളര്‍ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക് നന്തന്‍കോട്ടെ ആക്രിക്കടയില്‍ ബാലു വിറ്റത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പോസ്റ്ററുകളാണ് ആക്രിക്കടയില്‍ വിറ്റതെന്ന് കണ്ടെത്തിയതായും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
പേരൂര്‍ക്കടയിലെ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്ന് 14 കെട്ട് പോസ്റ്ററുകളാണ് കുറവന്‍കോണം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അലങ്കരിക്കാനായി അനുവദിച്ചത്.
14 കെട്ടുകളുളളതില്‍, ആറ് കെട്ടുകള്‍ നന്തന്‍കോട് വാര്‍ഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതില്‍ രണ്ട് കെട്ട് ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ ഭാഗത്തേക്കും ബാക്കിയുളള നാല് കെട്ട് വി ബാലുവിനും നല്‍കി.
പോളിംഗ് ബൂത്തിലേക്കുളള വഴിയില്‍, അന്നേ ദിവസം രാത്രിതന്നെ പോസ്റ്റര്‍ അലങ്കരിക്കാനാണ് ബാലുവിന് ലഭിച്ച നിര്‍ദേശം. അലങ്കരിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകള്‍ കെട്ടുകളാക്കി കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ചു. ഇതാണ് ഇയാള്‍ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയില്‍ വിറ്റതെന്നാണ് സംഭവത്തെപ്പറ്റി അന്വേഷിച്ച ഡി സി സി നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























