പാകിസ്ഥാനിലെ വിവാഹവീട്ടില്‍ ചാവേര്‍ ആക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ വിവാഹവീട്ടില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ക്വയില്‍ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. വിവാഹവീട്ടിലെത്തിയ ചാവേര്‍ അതിഥികള്‍ക്കിടയില്‍വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണമുണ്ടായ പ്രദേശം സീല്‍ ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഖൈബര്‍ പക്തൂന്‍ക്വ മുഖ്യമന്ത്രി ആക്രമണത്തില്‍ അനുശോചിച്ചു. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സര്‍ക്കാര്‍ അനുകൂല സമാധാന സമിതി നേതാവായ നൂര്‍ ആലം മെഹ്‌സൂദിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടെ വിവാഹാഘോഷത്തിനിടെ അതിഥികള്‍ നൃത്തം ചെയ്യുകയായിരുന്ന വേളയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയും അനേകംപേര്‍ ഇതിനടിയില്‍പ്പെടുകയും ചെയ്തു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെന്ന് പൊലീസ് പറയുന്നു.
ചാവേര്‍ ആക്രമണത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
മേഖലയില്‍ പതിവായി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള സംഘത്തെ 'പാകിസ്ഥാന്‍ താലിബാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. അഫ്ഗാന്‍ താലിബാനില്‍ നിന്ന് വേറിട്ടതാണെങ്കിലും അവരുമായി സഖ്യമുണ്ടാക്കിയ സംഘം 2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം കൂടുതല്‍ സജീവമായി. നിരവധി ടിടിപി പോരാളികള്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
"
https://www.facebook.com/Malayalivartha
























