കോവിഡ് ഭേദമായി മുഖ്യമന്ത്രി മടങ്ങിയപ്പോൾ മാനദണ്ഡങ്ങൾ തെറ്റിച്ചെന്ന് ആരോപണം: വീണ്ടും ആരോപണങ്ങളുടെ മുൾമുനയിൽ മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ മുഖ്യമന്ത്രി തെറ്റിച്ചു എന്ന ആരോപണങ്ങൾക്ക് പിന്നാലെ ഒന്നിനുപുറകെ ഒന്നായി ആരോപണങ്ങൾ വീണ്ടും അദ്ദേഹത്തിന് നേരെ ഉയരുകയാണ്. ഇപ്പോളിതാ അദ്ദേഹത്തിന്റെ മടക്കയാത്രയും വിവാദത്തിലേക്ക് കടക്കുകയാണ്.കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുൾപ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമായി തന്നെ ഉയർന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു.
എന്നാൽ കൊവിഡ് പോസിറ്റീവ് ആയിട്ടും ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത് എന്ന ആരോപണമുയരുന്നു. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു.പോസിറ്റീവായി 10–ാം ദിവസമായിരുന്നു പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7–ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു. ഇത് വമ്പൻ ചർച്ചകൾക്ക് വിധേയമായിരുന്നു.
മുഖ്യമന്ത്രിക്ക് ഏപ്രിൽ 4 മുതൽ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചതു കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുകയും ചെയ്തു. ഏപ്രിൽ നാലിനു ധർമടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഏപ്രിൽ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി അദ്ദേഹം ഇടപഴകുകയും ചെയ്തു. ഏപ്രിൽ എട്ടിനാണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്.
എന്നാൽ, ആരോപണങ്ങളെല്ലാം തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തുവന്നിരുന്നു. രോഗലക്ഷണമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സർക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുമാകട്ടെ, ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
അതേസമയം മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യണമെന്നാണ് അവർ ഉയർത്തുന്ന ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടവണ്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്.
https://www.facebook.com/Malayalivartha